
പേട്ടയിലെ അനീഷിന്റേത് ദുരഭിമാന കൊലപാതകം; മകളുമായുള്ള പ്രണയത്തിന്റെ പേരില്‍ മുന്‍വൈരാഗ്യം; വിളിച്ചു വരുത്തി കുത്തിക്കൊന്നെന്ന് കുറ്റസമ്മതം നടത്തി സൈമണ്‍ ലാലന്‍; കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തി; പുറത്താകുന്നത് അരുംകൊലയുടെ ഗൂഢാലോചന
സ്വന്തം ലേഖിക
തിരുവനന്തപുരം: പേട്ടയില്‍ മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തി കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലപാതകം.
മകളുമായുള്ള പ്രണയത്തിന്റെ പേരില്‍ സൈമണ്‍ ലാലന്‍ അനീഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മോഷ്ടാവെന്ന് കരുതി കൊലപ്പെടുത്തിയതെന്ന കഥയാണ് ഇതോടെ പൊളിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് യുവാവിനെ സൈമണ്‍ കൊലപ്പെടുത്തിയത്. വിളിച്ചു വരുത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്.
യുവാവിനെ തടഞ്ഞുവെച്ച് കഴുത്തിലും നെഞ്ചിലും സൈണ്‍ കുത്തുകയായിരുന്നു. കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ തന്നെ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി കണ്ടെത്തിയത്.
വാട്ടർ മീറ്റര്‍ ബോക്‌സിലാണ് കത്തി ഒളിപ്പിച്ചത്. മകളുടെ പ്രണയത്തെ പിതാവ് എതിര്‍ത്തിരുന്നു. വിലക്കിയിട്ടും ബന്ധം തുടര്‍ന്നതോടെയാണ് വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്.
ഇതോടെ അരുംകൊല സംബന്ധിച്ച ഗൂഢാലോചനയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ അനീഷ് ജോര്‍ജ്ജിന്റെ ഫോണ്‍ രേഖകളും പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍ സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍ നിന്നും കോള്‍ വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്.
പേട്ട ചായക്കൂടി റോഡിലെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ 19 കാരനായ അനീഷ് കുത്തേറ്റ് കൊല്ലപ്പെടുന്നത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണെന്നാണ് പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. ഇതിനു തൊട്ടു മുന്‍പ് 3.20ന് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയും പ്രതി സൈമണ്‍ ലാലന്റെ ഭാര്യയുമായ ആശ വിളിച്ചതിന്റെ തെളിവ് പുറത്തുവന്നു.
ഉറക്കത്തിലായിരുന്ന ഡോളി കോള്‍ എടുത്തില്ല. 4.22 നും 4.27 നും ഇതേ നമ്പറില്‍ നിന്ന് വീണ്ടും കോള്‍ വന്നു. 4:29 ന് ആശയെ തിരിച്ചുവിളിച്ച ഡോളി മകനെക്കുറിച്ച് തിരക്കി. പൊലീസില്‍ അന്വേഷിക്കണമെന്ന മറുപടിയാണ് ആശ നല്‍കിയതെന്ന് ഡോളി പറയുന്നു.
ആശയും മകളും അനീഷും ചേര്‍ന്ന് തലേന്ന് നഗരത്തിലെ മാളില്‍ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തില്‍ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിച്ചത്. ഇതിന്റെ തെളിവുകള്‍ കൊല നടന്ന വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയ അനീഷിന്റെ മൊബൈല്‍ ഫോണില്‍ ഉണ്ടെന്നും കുടുംബം പറയുന്നു.
മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലന്‍ മുമ്പും വിലക്കിയിരുന്നതായും പൊലീസ് പറയുന്നു. ഇത് മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടര്‍ന്നു. ഇത് സംബന്ധിച്ചും ലാലന്റെ കര്‍ശന നിലപാടുകളിലും കുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു.
തന്റെ വിലക്ക് മറികടന്നും ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടര്‍ന്നതാണ് ലാലനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.