
ന്യൂഡൽഹി: രാജ്യത്ത് 20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍ വില്‍പന നിർബന്ധമാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിച്ച പൊതുതാല്‍പര്യ ഹർജി തള്ളി സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിഷയത്തില്‍ ഇടപെടാൻ കോടതി വിസമ്മതിക്കുകയും സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
ഹർജിയുടെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് അറ്റോർണി ജനറല്‍ ആർ വെങ്കിട്ടരമണി ആശങ്ക ഉയർത്തി. ഇതിന് പിന്നില്‍ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടാകാമെന്നും, ഇന്ത്യയിലെ ഇന്ധന നയം തീരുമാനിക്കേണ്ടത് രാജ്യത്തിന് പുറത്തുള്ളവർ അല്ലെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ താല്‍പര്യവും പരിസ്ഥിതി സൗഹൃദമായ വളർച്ചയും മുന്നില്‍ കണ്ടാണ് സർക്കാർ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് എജി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ വശങ്ങളും വിശദമായി പരിഗണിച്ച ശേഷമാണ് എഥനോള്‍ ബ്ലെൻഡിങ് പ്രോഗ്രാം നടപ്പിലാക്കുന്നതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കരിമ്പ് കർഷകർക്ക് വലിയൊരു സഹായമായാണ് ഈ പദ്ധതി മാറുന്നതെന്നും, നാട്ടിലെ ഉല്‍പ്പാദനത്തെയും കാർഷിക മേഖലയെയും ഉത്തേജിപ്പിക്കുന്ന പദ്ധതിയായാണ് സർക്കാർ ഇതിനെ കാണുന്നതെന്നും എജി പറഞ്ഞു. വാദങ്ങള്‍ കേട്ട ശേഷമാണ് സുപ്രീംകോടതി ഹർജി തള്ളിക്കളഞ്ഞത്.