
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോൾ, ഡീസൽ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തണമെന്നാണ് വ്യവസായ, വാണിജ്യ സമൂഹം ആവശ്യപ്പെടുന്നത്.
ജൂൺ 22ന് നടക്കുന്ന ജി.എസ്.ടി കൗൺസിലിന്റെ അമ്പത്തിമൂന്നാമത്തെ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് ആയതിനാൽ എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജി. എസ്.ടി കൗൺസിൽ യോഗം നടക്കുന്നത്.
പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ യോഗമാണിത്. പെട്രോളിയം ഉത്പന്നങ്ങൾ, മദ്യം, റിയൽ എസ്റ്റേറ്റ്, വൈദ്യുതി തുടങ്ങിയ മേഖലകളെ കൂടി ചരക്ക് സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് ധനമന്ത്രി നിർമ്മല സീതാരാമൻ മുൻകൈയെടുക്കുമെന്നാണ് വിലയിരുത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യത്തിൽ എതിരഭിപ്രായമുള്ള വിവിധ സംസ്ഥാന സർക്കാരുകളുടെ ആശങ്ക പരിഹരിക്കാനും നടപടികളെടുക്കും. ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് 28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ നടപടിയും യോഗത്തിൽ പുന:പരിശോധിച്ചേക്കും.
ഓൺലൈൻ ഗെയിംമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയ്ക്ക് കൗൺസിൽ കഴിഞ്ഞ വർഷം ജൂലായിൽ നടന്ന യോഗത്തിൽ 28 ശതമാനം നികുതി ചുമത്തിയിരുന്നു. പെട്രോളിയം ഉത്പന്നങ്ങൾ, റിയൽറ്റി, വൈദ്യുതി തുടങ്ങിയ മേഖലകളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസിഡന്റ് സഞ്ജീവ് പുരി പറഞ്ഞു.
ജി.എസ്.ടി നിരക്കുകൾ യാഥാർത്ഥ്യ ബോധത്തോടെ ഏകീകരിക്കണമെന്ന നിർദേശവും ഇത്തവണ കൗൺസിൽ പരിഗണിക്കും. നിരക്കുകളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിർദേശിക്കാൻ ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് ഖന്നയുടെ നേതൃത്വത്തിലുള്ള പാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.