
തിരഞ്ഞെടുപ്പുകാലത്തും മയപ്പെടാതെ ഇന്ധന വില: രാജ്യത്ത് പെട്രോൾ ഡീസൽ വില കുതിച്ച് കയറുന്നു; അൻപതിൽ എത്തിക്കുമെന്ന് മോദി പറഞ്ഞ പെട്രോൾ വില ഇന്ന് എൺപതിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ ഡീസൽ വില തിരഞ്ഞെടുപ്പ് കാലത്തും നിയന്ത്രണമില്ലാതെ കുതിക്കുന്നു. കേരളത്തിൽ 75 രൂപ പെട്രോളിനു വിലയായപ്പോൾ 71 രൂപയാണ് ഡീസലിന്റെ വില. മുംബൈയിൽ 78 രൂപ 55 പൈസയാണ് പെട്രോളിന്റെ വില. ഡീസലിനാകട്ടെ 69.45 രൂപയാണ് വില.
രാജ്യത്ത് ഇന്ധന വില അൻപത് രൂപയാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചു വർഷം തിരകയ്ക്കുമ്പോഴാണ് ഇന്ധന വില ഇപ്പോൾ ആകാശം മുട്ടുന്ന ഉയരത്തിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണ് പെട്രോൾ ഡീസൽ വില നിയന്ത്രണ അധികാരം എണ്ണക്കമ്പനികൾക്ക് നൽകിയത്. ഈ വില നിർണ്ണയ അധികാരം തിരികെ പിടിക്കുമെന്ന് വാഗ്ദാനം ചെയ്താണ് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയത്. എന്നാൽ, അഞ്ചു വർഷം ഭരണം നടത്തിയിട്ടും വില നിർണ്ണയാധികാരം തിരികെ പിടിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല എണ്ണ വില നിയന്ത്രിക്കാൻ പോലും കേന്ദ്ര സർക്കാരിന് സാധിച്ചില്ല.
കഴിഞ്ഞ എട്ടു ദിവസത്തിനിടെ പെട്രോൾ ഡീസൽ വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതിനിടെ ഒരു ദിവസം മാത്രമാണ് വില അൽപം കുറഞ്ഞത്. ഏപ്രിൽ 11 ന് മുംബൈയിൽ 78.42 ആയിരുന്നു പെട്രോൾ വില. 12 ന് 78.48 ഉം, 13 ന് 78.48 ഉം, 15 ന് 78.60 ഉം, 16 ന് 78.55 ഉം, ആയി വില നിൽക്കുകയാണ്. ഡീസലിനാകട്ടെ ഒരു ദിവസം വില കുറഞ്ഞതുമില്ല. 11 ന് 69.24 ഉം, 12 ന് 69.32 ഉം, 15 ന് 69.40 ഉം, 16 ന് 69.45 ഉം ആയി ഡീസലിന്റെ വില മുംബൈയിൽ വർധിച്ചിട്ടുണ്ട്.
പെട്രോളിനും ഡീസലിനുമുണ്ടാകുന്ന വില കേരളം പോലെ ഒരു ഉപഭോക്തൃ സംസഥാനത്തിന്റെ ബജറ്റിനെ തന്നെ സാരമായി ബാധിക്കും. തിരഞ്ഞെടുപ്പ് കാലത്തെങ്കിലും പെട്രോ്ൾ ഡീസൽ വില വർധനവിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായിരിക്കുന്നത്.