പെട്രോൾ ഡീസൽ വില വർദ്ധനവ്: സി.പി.എം പ്രവർത്തകൻ പമ്പിൽ ജോലി ചെയ്യുന്ന പിതാവിന്റെ കാൽ തല്ലിയൊടിച്ചു; കേരള കൗമുദിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത: ഏറ്റെടുത്ത് സംഘപരിവാർ പ്രവർത്തകർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇത്. പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന പിതാവിന്റെ കാൽ സി.പി.എം പ്രവർത്തകനായ മകൻ തല്ലിയൊടിച്ചെന്നാണ് വാർത്ത.
സംഭവം വൈറലായി മാറിയതോടെയാണ് സോഷ്യൽ മീഡിയ ഇതിന്റെ നിജസ്ഥിതി തപ്പിയിറങ്ങിയത്. കേരള കൗമുദി ദിനപത്രത്തിന്റേതെന്ന പേരിലുള്ള സ്‌ക്രീൻ ഷോട്ട് സഹിതമാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘപരിവാർ അനുകൂല ട്രോൾ ഗ്രൂപ്പായ ഔട്ട്‌സ്‌പോക്കൺ ഇത് ഏറ്റെടുത്ത് സി.പി.എം പ്രവർത്തകർക്കെതിരായ വാർത്തയെന്ന പേരിൽ ചെഗുവേരയുടെ ഫോട്ടോസഹിതം ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം വൈറലായി മാറിയത്.
നാലു മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്തതെന്ന പേരിലുള്ള സ്‌ക്രീൻഷോട്ടാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. ഇതിൽ സംഘപരിവാർ ട്രോൾ ഗ്രൂപ്പായ ഔട്ട്‌സ്‌പോക്കണിന്റെ ലോഗോയും ചേർത്തിട്ടുമുണ്ട്.
എന്നാൽ, വാർത്ത വ്യാജമാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. മലയാള മനോരമ മറ്റെന്തോ സംഭവത്തിനായി ഉപയോഗിച്ച ചിത്രമാണ് ഈ വ്യാജ പോസ്റ്റ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ കേരള കൗമുദിയുടെ ഫോണ്ടല്ല ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇത് കൂടാതെ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ലോഗോ അടക്കം ഔട്ട്‌സ്‌പോക്കണിന്റേത് ആയതുകൊണ്ട് ഇത് നിർമ്മിച്ചത് ഔട്ട്‌സ്‌പോക്കൺ അഡ്മിൻമാരിൽ ആരെ ഒരാൾ തന്നെയാണ് എന്നും വ്യക്തമായിട്ടുണ്ട്.
എന്നാൽ, തങ്ങളുടെ ലോഗോ സഹിതം പുറത്തിറക്കിയ വാർത്ത വ്യാജമാണ് എന്നുള്ള പ്രഖ്യാപനം സഹിതം കേരള കൗമുദി വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വ്യാജ വാർത്ത നൽകിയവർക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള കൗമുദി പരാതിയും നൽകിയിട്ടുണ്ട്.