
പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് കേന്ദ്ര സർക്കാർ; ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുതിച്ചുയർന്നു ; പെട്രോളിന് 2.50 ,ഡീസലിന് 2.47 വർദ്ധിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേന്ദ്രബഡ്ജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്ധനവിലയിൽ വൻ വർദ്ധനവ്. പെട്രോൾ ലിറ്ററിന് 2.50 രൂപ, ഡീസൽ ലിറ്ററിന് 2.47 രൂപ വർദ്ധിച്ചതോടെ ഇനി ഉപ്പുതൊട്ട് കർപ്പൂരംവരെയുള്ള സാധനങ്ങൾക്ക് വില കൂടും.കഴിഞ്ഞ ദിവസം കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ച അധിക നികുതിക്ക് മുകളിൽ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഇത്രയും തുക വർദ്ധിക്കുന്നത്. എന്നാൽ ഇന്ധന വില വർദ്ധനയിലൂടെ കേരളത്തിന് വരുമാന വർദ്ധനയുണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചത്.ഇന്ധന എക്സൈസ് തീരുവയും റോഡ് സെസും ഓരോ രൂപ വീതം വർദ്ധിപ്പിക്കാനാണ് നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. ഇതുവഴിമാത്രം പെട്രോളിനും ഡീസലിനും കൂടിയത് 2 രൂപ വീതം. അടിസ്ഥാന വിലയ്ക്കും കേന്ദ്ര സർക്കാർ തീരുവയും ചേർന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വിൽപന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമായി വില. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ നികുതി കൂട്ടുകയും വില കൂടുമ്പോൾ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നത് തുടരുന്നതിനിടയിലാണ് അധികഭാരം. ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനുപുറമേ, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഒരു രൂപ കിഫ്ബി സെസിന്റെ ഭാരവുമുണ്ട്.അതിനിടെ, പെട്രോളിനും ഡീസലിനും വില കൂടുന്നത് സ്വകാര്യ വാഹനമുള്ളവരെ വിഷമിപ്പിക്കുമെന്നും ഇത് വിലക്കയറ്റത്തിനും ഇടയാക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പണക്കാരെ സംതൃപ്തിപ്പെടുത്താൻ മാത്രമുള്ള ബഡ്ജറ്റാണിതെന്ന് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിട്ടുണ്ട്.