പൊലീസ് വീട്ടിലെത്തിയതിന് പ്രതികാരം; പൊലീസ് സ്റ്റേഷന് നേരേ പെട്രോൾ ബോംബെറിഞ്ഞവർ പിടിയിൽ
സ്വന്തം ലേഖകൻ
വെള്ളറട: ആര്യങ്കോട് പോലീസ് സ്റ്റേഷനു നേരേ പെട്രോൾ ബോംബ് എറിഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രതികളായ രണ്ട് യുവാക്കളും പിടിയിലായി. വാഴിച്ചൽ കുന്ദളക്കോട് സ്വദേശിയായ അനന്തു(21), ചൂണ്ടുപലക സ്വദേശിയായ നിധിൻ(19) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരും കൈവശമുണ്ടായിരുന്ന ബിയർ കുപ്പിയിൽ നിറച്ച പെട്രോൾ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ഒറ്റശേഖരമംഗലം ഭാഗത്തേക്ക് അമിതവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് ലൈറ്ററും പ്രതികളിൽ ഒരാളുടെ ചെരിപ്പും പോലീസ് അവിടെനിന്നു കണ്ടെടുത്തു. സമീപത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ സഹായകമായത്. തിങ്കളാഴ്ച ചെമ്പൂര് സ്‌കൂളിൽ നടന്ന സംഘട്ടനത്തിൽ പ്ലസ്ടു വിദ്യാർഥിയായ അമരവിള നിവാസിയായ സനോജിനെ സ്‌കൂളിനു പുറത്തുനിന്നെത്തി കുത്തിപ്പരിക്കേൽപ്പിച്ച സംഘത്തിലെ മുഖ്യപ്രതിയാണ് അനന്തു.
സഹപാഠികളായ പെൺകുട്ടികളുടെ ഫോൺനമ്പർ നൽകിയില്ലെന്ന വിരോധത്താൽ ചെമ്പൂര് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി അഞ്ചുമരങ്കാല സ്വദേശി എബിനെ സ്‌കൂളിനു പുറത്തുനിന്നുള്ള സംഘം തിങ്കളാഴ്ച ആക്രമിക്കാനെത്തി. ഇതിനെ ചോദ്യംചെയ്ത എബിന്റെ സുഹൃത്തായ സനോജിനെ അക്രമിസംഘം ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
ഈ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞ ആര്യങ്കോട് പോലീസ് മുഖ്യപ്രതിയായ അനന്തുവിനെ പിടികൂടാനായി വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്നുള്ള വിരോധമാണ് പോലീസ് സ്റ്റേഷനു നേരേയുള്ള ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
ആക്രമണക്കേസിൽ പിടികൂടിയ പ്രതികൾ കഞ്ചാവ് വില്പന സംഘങ്ങളുമായും മറ്റ് ക്രിമിനൽ കേസുകളിലെ പ്രതികളുമായും അടുത്ത ബന്ധമുള്ളതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതായും പോലീസ് പറഞ്ഞു. ആര്യങ്കോട് സി.ഐ. ശ്രീകുമാരൻനായരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.