play-sharp-fill
സംസ്ഥാനത്ത് 1750 പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

സംസ്ഥാനത്ത് 1750 പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

സ്വന്തംലേഖകന്‍

കൊച്ചി: സംസ്ഥാനത്ത് 1750 പുതിയ പെട്രോള്‍ പമ്പുകള്‍ കൂടി  സ്ഥാപിക്കാനുള്ള പൊതു മേഖലാ എണ്ണ കമ്പനികളുടെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു.
പുതിയ പമ്പുകള്‍ തുടങ്ങുന്നതിനെതിരെ  പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും സംഘടനയുടെ ഭാരവാഹികളും നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച നയത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് 2200 പമ്പുകള്‍ നിലവിലുണ്ടെന്നും മതിയായ പഠനവും വിശകലനവും നടത്താതെ കൂടുതല്‍ പമ്പുകള്‍ അനുവദിക്കുന്നത് പരിസ്ഥിതി നാശത്തിനു കാരണമാകുമെന്നും വിപണിയെ തകര്‍ക്കുമെന്നും ആരോപിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കരാര്‍ പ്രകാരം നിലവിലെ പമ്പുടമകള്‍ക്ക് പുതിയ പമ്പുകള്‍ തുടങ്ങുന്നതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയവും വാദിച്ചു.
എണ്ണക്കമ്പനികളുടെ നയപരമായ തീരുമാനം കേന്ദ്ര പെട്രോളിയം മന്ത്രാലയം അംഗീകരിച്ചതാണ്. കേരളത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്പന വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ പമ്പുകള്‍ അനുവദിക്കുന്നത്. പുതിയ പമ്പുകള്‍ നിലവില്‍ വരുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.