
കോട്ടയം : ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം പാമ്പാടി ദയറായിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക ശുശ്രൂഷ.
പെസഹാ ആചരണത്തോടൊപ്പം ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് വിനയത്തിന്റെ മാതൃക ലോകത്തിനു കാട്ടിയതുമായി ബന്ധപ്പെട്ട കാല്‍കഴുകല്‍ ശുശ്രൂഷയും ഇന്നു നടക്കും.
സീറോ മലബാർ, ലത്തീൻ ദേവാലയങ്ങളില്‍ വൈദികരുടെ കാർമികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നിർവഹിക്കപ്പെടും. മലങ്കര ക്രമത്തില്‍ ബിഷപ്പുമാർ കാർമികരാകുന്ന ദേവാലയങ്ങളില്‍ മാത്രമാണ് കാല്‍കഴുകല്‍ ശുശ്രൂഷ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യേശു തന്റെ 12 ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ചു 12 പേരുടെ കാലുകളാണ് കഴുകുന്നത്. കാല്‍കഴുകലും പെസഹാ തിരുകർമങ്ങളും ആരാധനയും വിശുദ്ധ കുർബാനയുമാണ് ഇന്നത്തെ പ്രധാന ശുശ്രൂഷകള്‍.
വൈകുന്നേരം വീടുകളില്‍ അപ്പംമുറിച്ച് പെസഹയുടെ സന്തോഷം പങ്കിടും. മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് നെറ്റിത്തൊഴു സെന്റ് മേരീസ് പള്ളിയിലാണ് കാല്‍കഴുകല്‍ ശുശ്രൂഷ നിർവഹിക്കുന്നത്.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പത്തനംതിട്ട രൂപതയുടെ പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കാല്‍കഴുകല്‍ ശുശ്രൂഷ നിർവഹിക്കും.
പരുമല സെമിനാരി ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് ഓർത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തും.
തുന്പമണ്‍ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും.
പത്തനംതിട്ട: മേരിമാതാ ഫൊറോന ദേവാലയത്തില്‍ പെസഹായുടെ തിരുക്കർമങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. കുർബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും ഇതോടനുബന്ധിച്ചു നടക്കും. വികാരി ഫാ. സെബാസ്റ്റ്യൻ മാടപ്പള്ളില്‍ കാർമികത്വം വഹിക്കും.
നാളെ രാവിലെ 6.45ന് സംയുക്ത കുരിശിന്റെ വഴിയോടെ ദുഃഖ വെള്ളി ശുശ്രൂഷകള്‍ ആരംഭിക്കും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത സന്ദേശം നല്‍കും. തുടർന്ന് സെൻട്രല്‍ ജംഗ്ഷൻ വഴി സെന്റ് പീറ്റേഴ്സ് കത്തീഡ്രലിലേക്ക് കുരിശിന്റെ വഴി. തുടർന്ന് ദേവാലയത്തില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍.
ദുഃഖശനി രാവിലെ 6.30ന് പ്രാർഥനകള്‍ ആരംഭിക്കും. ഈസ്റ്റർ ശുശ്രുഷകള്‍ അഞ്ചിനു പുലർച്ചെ 2.45ന് ആരംഭിക്കും. 6.30ന് കുർബാന.



