play-sharp-fill
യുവാവിനെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി ; എട്ടു പ്രതികള്‍ക്കും ജീവപര്യന്തം

യുവാവിനെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി ; എട്ടു പ്രതികള്‍ക്കും ജീവപര്യന്തം

സ്വന്തം ലേഖകൻ

പാലക്കാട്: പെരുവെമ്പ് തോട്ടുപാലത്ത് മാനസികാരോഗ്യ പ്രശ്‌നമുള്ള നിര്‍മാണത്തൊഴിലാളിയെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ എട്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. പെരുവെമ്പ് തോട്ടുപാലംവീട്ടില്‍ പരേതനായ പൊന്നന്റെ മകന്‍ രാജേന്ദ്രന്‍ (34) കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവു ശിക്ഷ വിധിച്ചത്. പ്രതികള്‍ പതിനായിരം രൂപ വീതം പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പെരുവെമ്പ് തോട്ടുപാലം വിജയന്‍ (53) കുഞ്ചപ്പന്‍ (64) ബാബു (50),മുരുഗന്‍ (44) മുത്തു (74) രമണന്‍ (45) മുരളീധരന്‍ (40) രാധാകൃഷ്ണന്‍ (61) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം കുറ്റക്കാരാണെന്ന് ഫെബ്രുവരി ഒന്‍പതിന് കോടതി കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2010 ഫെബ്രുവരി 18-നായിരുന്നു കേസിനാസ്പദമായ സംഭവം. നിര്‍മാണത്തൊഴിലാളിയായ രാജേന്ദ്രന്‍ ഏഴുവര്‍ഷമായി മാനസികാരോഗ്യചികിത്സ തേടിയിരുന്ന ആളായിരുന്നു. സംഭവദിവസം രാത്രി ചിലരെ രാജേന്ദ്രന്‍ ആക്രമിച്ചതായും ഇതില്‍ പ്രകോപിതരായ ഒരുസംഘമാളുകള്‍ രാജേന്ദ്രനെ വീടിനുസമീപം വെച്ച് മര്‍ദിച്ചതായും തുടര്‍ന്ന് അവശനായ യുവാവിനെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദനം തുടര്‍ന്നെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. പുതുനഗരം പോലീസില്‍ വിവരമറിയിച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചെ വൈകിയാണ് പോലീസ് എത്തിയത്. പോലീസെത്തി ചില നാട്ടുകാരുടെ സഹായത്തോടെ രാജേന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.

അതിനിടെ, കേസ് സ്വാഭാവിക മരണമാക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായും ആരോപണമുയര്‍ന്നിരുന്നു. മരിച്ച രാജേന്ദ്രന്റെ ബന്ധുവായ 17-കാരനില്‍നിന്നാണ് പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് ശേഖരിച്ചത്. ഒരു പ്രതിയുടെ പോലീസ് ഉദ്യോഗസ്ഥനായ സഹോദരനാണ് ഇതിനായി ഇടപെട്ടതെന്ന് ബന്ധുക്കളില്‍നിന്ന് പരാതിയുയര്‍ന്നിരുന്നു.

മാനസികാരോഗ്യം കുറഞ്ഞ രാജേന്ദ്രന്‍ രോഗം മൂര്‍ച്ഛിച്ച് രാത്രി വീട്ടില്‍നിന്നിറങ്ങിയോടി കമ്പിവേലിയില്‍ത്തട്ടിവീണ് തലയ്ക്ക് പരിക്കേറ്റ് മരണമടഞ്ഞതായാണ് ആദ്യ പ്രഥമവിവരറിപ്പോര്‍ട്ടില്‍ പോലീസ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരേ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി. അന്നത്തെ കുഴല്‍മന്ദം സി.ഐ.യുടെ കേസന്വേഷണത്തിനെതിരേ രാജേന്ദ്രന്റെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അന്ന് ഏഴ് പ്രതികളുണ്ടായിരുന്ന കേസില്‍ പിന്നീട് അന്വേഷണം നടത്തിയ പോലീസ് ഒരു പ്രതിയെക്കൂടി ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ കേസ് ചര്‍ജ് ചെയ്തത്.