പേരൂർക്കട വ്യാജ മോഷണകേസ്; എല്ലാം പൊലീസ് തിരക്കഥ, മാല കിട്ടിയത് സോഫയുടെ അടിയില്‍ നിന്ന്; പൊലീസ് വീഴ്ച വ്യക്തമാക്കി റിപ്പോര്‍ട്ട്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിൽ ദളിത് സ്ത്രീയായ ബിന്ദുവിനെ വ്യാജമോഷണക്കേസിൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പേരൂർക്കട സ്റ്റേഷനിൽ നടന്ന പൊലീസ് തിരക്കഥയാണ് ബിന്ദുവിനെതിരായ കേസെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സ്വർണ മാല സോഫയുടെ അടിയിൽ നിന്നും കിട്ടിയെന്ന കാര്യം ഓമന ഡാനിയലും മകള്‍ നിധി ഡാനിയലും എസ്ഐ പ്രസാദിനോട് പറഞ്ഞിരുന്നു. ബിന്ദുവിനെതിരെ കേസെടുത്തതിനാൽ മാല കിട്ടിയ കാര്യം പുറത്ത് പറയരുതെന്ന് എസ്ഐ പറഞ്ഞു. ചവർ കൂനയിൽ നിന്നും കിട്ടിയെന്ന് പറയാൻ എസ്ഐ പറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷമാണ് ഓമന ഡാനിയൻ മൊഴി നൽകിയത്. കേസില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. ഒരു ഗ്രേഡ് എസ്ഐ എഴുതി തന്നെ മൊഴിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് നിധി ഡാനിയൽ പറയുന്നു. ഗ്രേഡ് എസ്ഐ എഡ്വിനാണ് മൊഴി എഴുതി തയ്യാറാക്കിയതെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

പൊലീസ് വീഴ്ച വ്യക്തമാക്കി റിപ്പോര്‍ട്ട്

ദളിത് യുവതിയ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ് എച്ച് ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടിവേണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്‍റെ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി നൽകിയതിന് നാല് ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് നിന്ന് തന്നെ കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.

ബിന്ദു നൽകിയ പരാതിയെ തുടര്‍ന്ന് എസ്ഐയെയും എഎസ്ഐയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി. പൊലീസ് പീഡനത്തിൽ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നൽകിയ പരാതി, ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പി വിദ്യാധാരൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകൾ നടത്തിയത്.