സ്വന്തം ലേഖിക
തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ പൂര്‍ത്തിയാക്കി രോഗം ഭേദമായ 43 സ്ത്രീകളെയും 57 പുരുഷന്‍മാരെയും ബന്ധുക്കള്‍ ഏറ്റെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇതില്‍ 24 സത്രീകളും 42 പുരുഷന്‍മാരും ഇതര സംസ്ഥാനക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധുക്കള്‍ ഏറ്റെടുക്കാത്തവരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ നവംബര്‍ 17ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനുവരി 5 ന് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.
കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ നടപ്പിലാക്കുന്ന മാസ്റ്റര്‍ പ്ലാനിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും അടുത്ത വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ തുക വകയിരുത്താനും തീരുമാനിച്ചതായി ഡയറക്ടര്‍ അറിയിച്ചു. മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.