ഇടുക്കി പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോന് സസ്‌പെന്‍ഷന്‍; പിടിയിലായത് കോട്ടയം സ്വദേശിയായ ഇടപാടുകാരൻ ഉൾപ്പെടെ ആറ് പേർ
സ്വന്തം ലേഖിക
ഇടുക്കി: പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍.
കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോനെതിരെയാണ് നടപടി. പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീരുമേട്- തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോര്‍ട്ടില്‍ നിന്നാണ് അനാശാസ്യ പ്രവര്‍ത്തനം നടത്തിയവരെ പീരുമേട് പൊലീസ് പിടികൂടിയത്. രണ്ടു മലയാളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് പിടിയിലായത്.
പൊലീസെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാര്‍ ഓടി രക്ഷപെട്ടു. പരിശോധന വിവരം അറിയിക്കാന്‍ റിസോര്‍ട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ആദ്യം വിളിച്ചത് നടത്തിപ്പുകാരില്‍ ഒരാളും പൊലീസുകാരനായ അജിമോനെയായിരുന്നു. പൊലീസ് കാണിച്ച അജിമോന്റെ ഫോട്ടോ ഇവര്‍ തിരിച്ചറിയുകയും ചെയ്തു.
അജിമോന്‍ നടത്തിപ്പുകാരില്‍ ഒരാളാണെന്ന് സ്ത്രീകള്‍ മൊഴി നല്‍കുകയും ചെയ്തതോടെയാണ് വകുപ്പുതല നടപടി സ്വീകരിക്കാന്‍ പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് റിപ്പോര്‍ട്ട് നല്‍കിയത്.
അജിമോന്‍ അടക്കം മൂന്നു പേരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. റിസോര്‍ട്ട് നടത്തിപ്പുകാരനായ ജോണ്‍സനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയതായി പീരുമേട് ഡിവൈഎസ്പി അറിയിച്ചു.
കുമളി, പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലേക്ക് സംഘം സ്ത്രീകളെ എത്തിച്ചു നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീരുമേട്ടില്‍ ജോലി ചെയ്യവേ അനധികൃത ഇടപാടുകളുടെ പേരില്‍ കഴിഞ്ഞ ഒക്ടോബറിലാണ് അജിമോനെ കാഞ്ഞാറിലേക്ക് മാറ്റിയത്. തമിഴ്‌നാട്ടിലെ കമ്പത്തിനടുത്ത് അജിമോന്‍ ഉള്‍പ്പെട്ട സംഘം ബാര്‍ നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.