
കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ നിന്ന് കാണാതായ 18 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ പുഴയിൽ നിന്നും ഇന്ന് വൈകിട്ടോടെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച കാണാതായ മഞ്ഞപ്പെട്ടി സ്വദേശി മണിയുടെ മകൾ സുമയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആലുവ തുരുത്തിനടുത്തുള്ള കടവിലാണ് വൈകിട്ട് 4 മണിയോടെ മൃതദേഹം അടിഞ്ഞത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് നിരന്തരമായി കുട്ടിയും മാതാപിതാക്കളും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതെന്ന് പൊലീസ് പറയുന്നു. പെണ്കുട്ടി പുഴയിൽ ചാടിയെന്ന സംശയത്തെ തുടര്ന്ന് ഫയർ ഫോഴ്സ് കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയിരുന്നു.