
മൊബൈൽ ഫോണുകൾ മോഷ്ടിച്ച് അതിർത്തി കടക്കും; തിരിച്ച് കള്ളനോട്ടുകളുമായി മടക്കം; പെരുമ്പാവൂർ കേന്ദ്രീകരിച്ച് കള്ളനോട്ട് വിതരണത്തിലെ മുഖ്യ കണ്ണിയും നിരവധി മൊബൈൽ മോഷണം കേസിലെ പ്രതിയുമായ ബംഗ്ലാദേശ് സ്വദേശി പോലീസിന്റെ പിടിയിൽ
കൊച്ചി: പെരുമ്പാവൂർ കേന്ദ്രീകരിച്ച് കളളനോട്ട് വിതരണം നടത്തിയ ബംഗ്ലാദേശ് സ്വദേശി സലീം മണ്ഡൽ അറസ്റ്റിൽ. കേരളത്തിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ച് ബംഗ്ലാദേശിൽ വിൽക്കുകയും ഇതിന് പ്രതിഫലം കളളനോട്ടായി വാങ്ങുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി.
പൊലീസിനെ കുഴക്കിയ നിരവധി മൊബൈൽ മോഷണ കേസുകളിലെ നിർണായക അറസ്റ്റ്. രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന കളളനോട്ട് വിതരണത്തിലെ കണ്ണി. പിടിയിലായ ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലിം മണ്ഡൽ, നിരവധി കുറ്റകൃത്യങ്ങളിലെ നിർണായക സാന്നിധ്യമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രെയിനിൽ വച്ച് നടത്തിയ മോഷണത്തിനിടെ ആലപ്പുഴയിൽ വച്ച് പ്രതി പിടിയിലായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പെരുമ്പാവൂരിലെ വാടക വീട്ടിൽ നിന്നും പതിനേഴ് 500 രൂപയുടെ കളളനോട്ടുകൾ കണ്ടെടുത്ത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നോട്ട് അടിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിലെത്തിച്ചതായും കണ്ടെത്തി. മോഷ്ടിച്ച അൻപതോളം മൊബൈലുകളും ഒരുമിച്ചാണ് ഇയാൾ അതിർത്തി കടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.