
ആലപ്പുഴ: വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരും ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. പരിപാടിയിൽ പങ്കെടുക്കാൻ നിരവധിപേരാണ് എത്തിയത്.
നാലുവശവും വേമ്പനാട് കായലാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് ഇതോടെ അറുതിയാകുകയാണ്. 2016–17 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ഏകദേശം 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ കെആർഎഫ്ബി വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.
കായലാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. ദേശീയ ജലപാത കടന്നുപോകുന്ന ഭാഗത്ത് തൂണുകൾ ഒഴിവാക്കുന്നതിനായി ബോസ്ട്രിംഗ് ആർച്ച് മാതൃകയിലാണ് പാലം നിർമ്മിച്ചത്. പാലം തുറന്നതോടെ കെഎസ്ആർടിസി ബസുകൾ ദ്വീപിലേക്ക് സർവീസ് നടത്തും. ആദ്യഘട്ടത്തിൽ പെരുമ്പളം പാലം മൈതാനം താത്കാലിക ബസ് സ്റ്റാൻഡായി ഉപയോഗിക്കാനും പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥിരം ബസ് സ്റ്റാൻഡ് നിർമ്മിക്കാനുമാണ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


