
സ്വന്തം ലേഖകൻ
കോട്ടയം: ജനവാസ കേന്ദ്രങ്ങളില്‍ കടന്നുകയറി മനുഷ്യരെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ ജില്ലയിലെ കടനാട്, തിടനാട്, തീക്കോയി, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകൾക്ക് അനുമതി.
സ്വന്തമായി തോക്കും തോക്ക് ലൈസന്‍സുമുള്ളവര്‍ക്കാണ് വെടിവയ്ക്കാനുള്ള അനുമതി നല്‍കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയിരിക്കുന്ന പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് ക്ഷുദ്രജീവിയായ കാട്ടുപന്നിയെ വെടിവച്ചു കൊല്ലുന്നതിനുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ വനം വകുപ്പിന്റെ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമില്‍ വാര്‍ഡു മെമ്പര്‍മാര്‍ മുഖേന കൃഷി ഓഫീസര്‍ നഷ്ടം കണക്കാക്കി അപേക്ഷ നല്‍കണം. തീക്കോയി പഞ്ചായത്തില്‍ നിലവില്‍ 14 പേര്‍ക്കു പന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്. നിരവധിപേര്‍ ഇതിന് അനുമതി തേടി അപേക്ഷ നല്‍കുന്നുണ്ട്. അടുത്തയാഴ്ച കര്‍ഷകര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, മെംബര്‍മാര്‍, വനം- കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ചു യോഗം ചേരുന്നുണ്ട്. യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കും.
കടനാട് പഞ്ചായത്തിലെ മറ്റത്തിപ്പാറ, നീലൂര്‍, അഴികണ്ണി, നൂറുമല, പൊതിചോറ്റുപാറ, കാവുംകണ്ടം പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ വാസമാക്കിയിരിക്കുന്നു.. കാവുംകണ്ടത്ത് ഒരു കര്‍ഷകന്റെ 350 ചുവട് കപ്പയില്‍ 200ല്‍ അധികം ചുവട് കാട്ടുപന്നി നശിപ്പിച്ചത്. പഞ്ചായത്തംഗം കെ.ആര്. മധുവിന് ബൈക്കിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റു.
തിടനാട് പഞ്ചായത്തില്‍ തോക്ക് ലൈന്‍സുള്ള എട്ടു പേരുടെ പാനലാണ് തയാറാക്കിയിരിക്കുന്നത്. ഇവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കുന്നത്. ഇവരുടെ വിലാസവും ഫോണ്‍ നമ്പരും കര്‍ഷകര്‍ക്ക് കൈ മാറിയിട്ടുണ്ട്. വിദഗ്ദരായ ഷൂട്ടേഴ്സിനെ ആവശ്യമെങ്കില്‍ പഞ്ചായത്ത് വനം വകുപ്പിനോട് ആവശ്യപ്പെടും. മേലുകാവ് പഞ്ചായത്തില്‍ ആറു പേരെയും മൂന്നിലവ് പഞ്ചായത്തില്‍ അഞ്ചു പേരെയും നിയോഗിച്ചിട്ടുണ്ട്.
കാട്ടുപന്നിയെ വെടിവച്ചു കൊന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മണ്ണെണ്ണ ഒഴിച്ച് കുഴിച്ചുമൂടണമെന്നാണ് നിര്‍ദേശം. എന്നാല്‍ നിലവില്‍ റേഷന്‍ കടകളില്‍ നിന്നും മണ്ണെണ്ണ കിട്ടാനില്ല. മണ്ണെണ്ണ ഒഴിച്ചാല്‍ മണ്ണിലെ സൂക്ഷ്മ മൂലകങ്ങള്‍ നശിക്കും. വേരുകള്‍ മണ്ണെണ്ണ വലിച്ചെടുത്താന്‍ മരങ്ങള്‍ ഉണങ്ങിപ്പോകും.
മണ്ണെണ്ണ ജലത്രോസുകളില് കലര്‍ന്നാല്‍ വെള്ളം മലീനമാകും. അതിനാല്‍ കാട്ടുപന്നിയെ മറവു ചെയ്യുക ക്ലേശകരമാണ്. ഒരു പന്നിയെ വെടിവച്ചുകുഴിച്ചുമൂടാന് 1000 രൂപയാണ് അനുവദിക്കുക. ഇതു കുറവാണെന്ന് മാത്രമല്ല സമയത്ത് നല്കാന് പഞ്ചായത്തിന് പ്രത്യേക ഫണ്ടുമില്ല. വെടിവച്ചു കൊല്ലുന്ന പന്നികളെ ലേലം വിളിച്ചു പഞ്ചാത്ത് വരുമാനമാര്ഗമാക്കണമെന്നും ഇതിനായി നിയമ ഭേദഗതികള്‍ നടപ്പിലാക്കണമെനനും കര്‍ഷക വേദി ആവശ്യപ്പെട്ടു.
ചിലര്‍ പറയുന്നു കുറക്കനെന്ന്. വനംവകുപ്പ് കുറുനരിയയെന്ന് വിശേഷിപ്പിക്കും. ഇനവും പേരും എന്തുമാകട്ടെ നരിക്കൂട്ടം കാരണം വഴിയിലും മുറ്റത്തും ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. നോക്കി നില്‍ക്കെ ഇവ പെരുകിവരുകയുമാണ്. ആളൊഴിഞ്ഞതും ടാപ്പിംഗ് നിര്‍ത്തിയതുമായ റബര്‍ തോട്ടങ്ങളിലായിരുന്നു മുമ്പ് കുറുനരിയുടെ വിഹാരം. അടുത്ത കാലത്തായി നാട്ടിലും നഗരങ്ങളിലും കുറുനരികള്‍ തലങ്ങും വിലങ്ങും പായുന്നു. ദിവസം നാലും അഞ്ചും പേര്‍ക്ക് ജില്ലയില്‍ നരിയുടെ കടിയേല്‍ക്കുന്നുണ്ട്.
നരികളുടെ ശല്യം വര്‍ധിച്ചതോടെ പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോകാനും തൊഴിലാളികള്‍ ഭയപ്പെടുന്നു. കുറുനരി ശല്യം മൂലം മിക്ക തോട്ടങ്ങളിലും ടാപ്പിംഗ് ആരംഭിക്കുന്നതു നേരം പുലര്‍ന്നതിനുശേഷമാണ്. പുല്ലു ചെത്താന്‍ പോകുന്നവർക്കും തോട്ടങ്ങളില്‍ പുല്ലുവെട്ടാന്‍ പോകുന്നവര്‍ക്കും നരികളുടെ ആക്രമണം ഉണ്ടാകുന്നുണ്ട്.
പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, പൈക, പാലാ,രാമപുരം, വാഴൂര്‍, കോരുത്തോട്, മണിമല, എരുമേലി പ്രദേശങ്ങളിലും കുറുക്കന്, കുറുനരി, കാട്ടുപാക്കാന് എന്നിവ വളര്‍ത്തു മൃഗങ്ങളെ പിടികൂടുന്നതു പതിവാണ്. രാത്രി യാത്രക്കാര്‍ക്കും ഭീഷണിയാണ്.