
സ്വന്തം ലേഖിക
കൊച്ചി: കനത്ത മഴയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് എറണാകുളം ജില്ല വീണ്ടും വെള്ളക്കെട്ടിൽ.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്. ചാലക്കുടി, മൂവാറ്റുപുഴ ആറുകളില്‍ വെള്ളം ഉയര്‍ന്നതോടെ പുത്തന്‍വേലിക്കര, മൂവാറ്റുപുഴ മേഖലകള്‍ വെള്ളത്തിലായി. കാലടി റോഡില്‍ പുറയാര്‍ ബസ് സ്റ്റോപ്പിന് സമീപം വലിയ മരം റോഡിലേക്ക് കടപുഴകി വീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ ജില്ലയിലെ ഏതാണ്ട് എല്ലാ പുഴകളും നിറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചന്‍കോവില്‍ ആറുകള്‍ നിറഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളായ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖല കൂടുതല്‍ ഭീതിയിലായി. ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് പലയിടത്തും വെള്ളക്കെട്ടിലാണ്. ഇതോടെ ഇതുവഴി ഗതാഗതം നിരോധിച്ചു.
ഇടുക്കി പീരുമേട്ടിലും മൂലമറ്റത്ത് രണ്ടിടത്തും ഉരുള്‍പൊട്ടി. മൂന്നിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. കല്ലാര്‍ ഡാമിന്‍റെ രണ്ട് ഷട്ടര്‍ തുറന്നു.
വാഴത്തോപ്പ് മണിയാറന്‍കുടിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട വീടുകളില്‍ നിന്ന് രണ്ട് കുടുംബത്തെ അഗ്നിരക്ഷാസേന സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. തൊടുപുഴയിലെ തൊമ്മന്‍കുത്ത് ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ ഗതാഗതം മുടങ്ങി. പത്തനംതിട്ട മൂഴിയാര്‍ ഡാമിന്‍റെ മൂന്ന് ഷട്ടറും തുറന്നു. കക്കി, ആനത്തോട് ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു.
പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നിറപുത്തരിക്ക് നട തുറന്നിരുന്ന ശബരിമലയിലേക്ക് തീര്‍ഥാടകരുടെ യാത്ര നിയന്ത്രിച്ചു. അപ്പര്‍ കുട്ടനാട് മേഖലയില്‍ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ വീണ്ടും ശക്തമായി. മീനച്ചിലാറ്റില്‍ ജലനിരപ്പ് അപകടനില കടന്നു. കൂട്ടിക്കല്‍ കൊടുങ്ങയില്‍ ഉരുള്‍പൊട്ടലുണ്ടായെങ്കിലും നാശനഷ്ടമില്ല. പാലക്കാട് ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും 162.28 ഹെക്ടറിലെ കൃഷി നശിച്ചു. പ്രധാന നദികളിലെല്ലാം ജലനിരപ്പുയര്‍ന്നു.