പെരിയാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ഫ്‌ളാറ്റിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയതും തമ്മിൽ ബന്ധം ; യുവതിയെ പെരിയാറ്റിൽ കെട്ടിത്താഴ്ത്തിയ കയർ വാങ്ങിയത് രമേശും മോനിഷയും ചേർന്നെന്ന് പോലീസ്
സ്വന്തം ലേഖിക
ആലുവ : ഏഴ് മാസങ്ങൾക്ക് മുമ്പ് ആലുവ പെരിയാറിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആലുവ ഫ്‌ളാറ്റിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയതായി കണ്ടെത്തിയിരുന്നു. ഈ മൂന്ന് മരണങ്ങൾ തമ്മിലും ബന്ധമുണ്ടെന്ന് സൂചന നൽകി പൊലീസ്.
ഫെബ്രുവരി 12നാണ് ആലുവ യു.സി കോളജിന് സമീപം സെമിനാരി കടവിൽ പുതപ്പിൽ പൊതിഞ്ഞ് കല്ല് കൊണ്ട് കെട്ടിത്താഴ്ത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ളതിനാൽ മുഖം അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം. കേസിൽ ഏതാണ്ട് അന്വേഷണം നിലച്ച സമയത്താണ് പുതിയ സൂചനകൾ പുറത്ത് വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 28നാണ് ആലുവ തോട്ടക്കാട്ടുകര അക്കാട്ട് ലെയ്‌നിലെ ഫ്‌ളാറ്റിൽ പാലക്കാട് സ്വദേശി രമേശ ്(33), തൃശൂർ സ്വദേശിനി മോനിഷ (25) എന്നിവരുടെ മൂന്ന് ദിവസം പഴകിയ മൃതദേഹങ്ങൾ കണ്ടത്. കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും പോസ്റ്റ്‌മോർട്ടത്തിലാണ് ആത്മഹത്യ സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് സംഭവങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.
രമേശും മോനിഷയും സെമിനാരി കടവിന് സമീപമാണ് മുൻപ് താമസിച്ചതെന്ന സുപ്രധാന തെളിവാണ് സംശയങ്ങൾക്ക് ഇട നൽകിയത്. കടവിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കകം ഇവർ അവിടെ നിന്ന് താമസം മാറ്റിയിരുന്നു.
വീഡിയോ എഡിറ്റ് ചെയ്യാൻ വേണ്ടിയായിരുന്നു ഇവർ തോട്ടക്കാട്ടുകരയിൽ ഫ്‌ളാറ്റ് എടുത്തത്. മോനിഷയുടെ ഭർത്താവ് സതീഷ് ഫ്‌ളാറ്റ് എടുക്കുന്ന സമയത്ത് മാത്രമാണ് വന്നത്. മോനിഷയും രമേശും വാനിലും സ്‌കൂട്ടറിലും പോയിവരുന്നത് പതിവായിരുന്നെങ്കിലും ഇവരുടെ ജോലിയെ കുറിച്ച് പരിസരവാസികൾക്കോ ഫ്‌ളാറ്റുടമക്കോ അറിവില്ലായിരുന്നു.
സെമിനാരി കടവിലേത് കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു. സെമിനാരിയിലെ വിദ്യാർത്ഥികൾ വൈകുന്നേരം ആണ് മൃതദേഹം കാണുന്നത്.പെൺവാണിഭ സംഘങ്ങളെയും ഐ.ടി മേഖലയും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തിയെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല.
പെരിയാറിൽ നിന്ന് കിട്ടിയ മൃതദേഹത്തിന്റെ വസ്ത്രങ്ങൾ തെളിവായെടുത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹത്തിൽ പച്ച ത്രീ ഫോർത്ത് ലോവറും നീല ടോപ്പുമായിരുന്നു ഉണ്ടായിരുന്നത്.യുവതിയുടെ മൃതദേഹം മൂടാനുപയോഗിച്ച പ്ലാസ്റ്റിക് കയർ കളമശ്ശേരിയിലെ ഒരു കടയിൽ നിന്നാണ് വാങ്ങിച്ചതെന്ന് പൊലിസ് കണ്ടെത്തി.കാറിലിറങ്ങിയ യുവാവും യുവതിയുമാണ് കയർ വാങ്ങിയത്. കയർ വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് കണ്ടെത്തിയിരുന്നു.ഇവരെ തിരിച്ചറിയാൻ ആലുവ പൊലിസ് അന്വേഷണം തുടരുന്ന സമയത്താണ് മോനിഷ ആലുവ മണപ്പുറത്തെ ഇക്ബാലിന്റെ ഫ്‌ളാറ്റിലേക്ക് മാറുന്നത്.
പൊലിസ് വിവരമറിയിച്ചതിനെ തുടർന്നാണ് മോനിഷയുടെ ഭർത്താവ് സതീശ് അവർ മരിച്ചതറിഞ്ഞ് ആലുവയിലേക്ക് വരുന്നത്. മരിച്ചവർക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. ഫ്‌ളാറ്റിൽ നിന്ന് ആത്മഹത്യ കുറിപ്പോ, മരണകാരണമായേക്കാവുന്ന മറ്റ് സൂചനകളോ ലഭിച്ചിട്ടില്ല