തൃശൂര്‍ പെരിയമ്പലത്ത് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റം; മൊബൈല്‍ പിടിച്ചു വാങ്ങി; 4 പേര്‍ അറസ്റ്റില്‍

Spread the love

തൃശൂര്‍: പുന്നയൂര്‍ക്കുളം പെരിയമ്പലം കടല്‍ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. നാലുപേര്‍ അറസ്റ്റില്‍. കുന്നംകുളം സെക്ഷന്‍ ഓവര്‍സിയറെ കയ്യേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ചിത്രങ്ങള്‍ മായ്ക്കുകയും ചെയ്ത സംഭവത്തില്‍ കടല്‍ഭിത്തി നിര്‍മാണ വിരുദ്ധ സമിതി അംഗം ഉള്‍പ്പെടെ നാല് പേരെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്തത്. അണ്ടത്തോട് കൊപ്പര വീട്ടില്‍ മുജീബ് റഹ്മാന്‍ (50), പെരിയമ്പലം ആലിമിന്റകത്ത് സൈനുല്‍ ആബിദ് (37), എടക്കഴിയൂര്‍ കൊളപ്പറമ്പില്‍ സൈഫുദ്ദീന്‍ (37), പഞ്ചവടി താനപ്പറമ്പില്‍ അബൂബക്കര്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ശനിയാഴ്ച രാവിലെ 11 ഓടെ അണ്ടത്തോട് ബീച്ചില്‍ കരിങ്കല്ലുമായി എത്തിയ ലോറി മുജീബ് തടഞ്ഞിരുന്നു. പ്രതികള്‍ വന്ന കാറിന്റെ ചിത്രം ഓവര്‍സിയര്‍ എഡ്‌വിന്‍ വര്‍ഗീസ് മൊബൈലില്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ എഡ്‌വിനെ കോളറില്‍ പിടിച്ചു തളളുകയും മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി ചിത്രങ്ങള്‍ മായ്ക്കുകയും ചെയ്തു എന്നാണ് പരാതി. മുജീബ് റഹ്മാന്റെ സുഹൃത്തുക്കളാണ് മറ്റ് മൂന്ന് പ്രതികള്‍.

ഇവിടെ കടല്‍ ഭിത്തി നിര്‍മിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പുണ്ട്. ഭിത്തി കെട്ടുന്നത് കടല്‍ ക്ഷോഭം രൂക്ഷമാക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇവിടെ കെട്ടിയ 10 മീറ്ററോളം ഭിത്തി കഴിഞ്ഞ മഴയ്ക്ക് കടലെടുത്തു. പ്രദേശവാസികളുടെ ആശങ്ക അകറ്റിയ ശേഷമേ ഭിത്തി നിര്‍മിക്കുകയുള്ളൂ എന്നാണ് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ അതിനു വിരുദ്ധമായാണ് ശനിയാഴ്ച 2 ലോഡ് കല്ല് ഇറക്കിയതെന്ന് സമര സമിതി ഭാരവാഹികള്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group