
ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി പെരിയ ടൗണിൽ നിർമിക്കുന്ന അടിപ്പാതയുടെ കോൺക്രീറ്റ് തകർന്നു വീണ സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ കൂടി തന്നെ പാലത്തിന്റെ കോൺക്രീറ്റ് പണി ആരംഭിച്ചിരുന്നു. രാത്രി 12 മണിയോടുകൂടി നിർമ്മാണം പൂർത്തിയായി. എന്നാൽ പുലർച്ചെ മൂന്നര മണിയോടെ മധ്യഭാഗത്തെ തകർന്നു കോൺക്രീറ്റ് അടക്കം താഴെ വീഴുകയായിരുന്നു.
കോൺക്രീറ്റ് ചെയ്യാനായി നൽകിയ ഇരുമ്പ് തൂണുകളുടെ ബലക്ഷയമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് 13 പേരാണ് പാലത്തിനു മുകളിൽ ഉണ്ടായിരുന്നത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രയിലെ മേഘ എഞ്ചിനീയറിങ് ഇൻഫ് റാസ്ട്രക്ചർ ലിമിറ്റഡാണ് കരാറുകാർ. ദേശീയ പാതയിലെ ചെങ്കള – നീലേശ്വരം രണ്ടാം റീച്ചിലാണ് പെരിയ അടിപ്പാത നിർമാണം നടക്കുന്നത്. അപകടത്തെ തുടർന്ന് കമ്പനിയുടെ അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റി അപകടസ്ഥലം ശനിയാഴ്ച രാവിലെ തന്നെ സന്ദർശിച്ചു. അപകടസംബന്ധിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല.
അതേസമയം നിർമ്മാണം സംബന്ധിച്ച് അപാകതയുണ്ടെന്നു നേരത്തെതന്നെ നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്യോഗസ്ഥരുടെ യാതൊരു തരത്തിലുള്ള മേൽനോട്ടവും ഇല്ലാതെ അർദ്ധരാത്രിയിൽ പണിപൂർത്തിയാക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം നാട്ടുകാർ ആരോപിക്കുന്നത്. നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി പരിഗണിക്കാതെ ധൃതിപിടിച്ച് നിർമ്മാണം നടത്തുകയായിരുന്നുവെന്ന് നാട്ടുകാരനും വ്യാപാരി വ്യവസായി നേതാവുമായ യദുകുമാർ ആരോപിച്ചു.
പെരിയയിലെ അപകടം സംബന്ധിച്ച് ബേക്കൽ പോലീസ് കേസെടുത്തു. ഐപിസി 336, 338, കെ പി 118 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ നിർമ്മാണം നടത്തി എന്നും കേസുണ്ട്. അപകടത്തെ തുടർന്ന് നിർമ്മാണത്തിലെ അപാകത അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും പെരിയ ദേശീയപാത രാവിലെ ഉപരോധിച്ചു.