മോഷണം കേരളത്തിലും താമസം തമിഴ്‌നാട്ടിലുമാക്കിയ വിരുതനെ പൊലീസ് പൊക്കി
സ്വന്തം ലേഖകൻ
മലപ്പുറം: പെരിന്തൽമണ്ണ വ്യാപാരസ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം നടത്തിയ പ്രതിയെ പൊലീസ് പൊക്കി. തമിഴ്നാട് ഈറോഡിൽ വാടക്ക് താമസിക്കുകയും മോഷണങ്ങൾ നടത്താൻ വേണ്ടിമാത്രം കേരളത്തിലെത്തുകയും ചെയ്യുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി വാടക്കൽ ഉമ്മർ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തുള്ള ബേക്കറിയിലും പലചരക്ക് കടയിലുമാണ് മോഷണ ശ്രമം നടത്തിയത്. കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഉടമസ്ഥർ കടയിൽ പണം സൂക്ഷിക്കാതിരുന്നതിനാൽ പണം കവരാനുള്ള ഉമ്മറിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തെ കടകളിലെ സിസിടിവിയിൽ നിന്നാണ് മോഷണശ്രമത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. നിരവധി കേസുകളിൽ പ്രതിയായ ഉമ്മറിനെ അന്ന് തന്നെ പെരിന്തൽമണ്ണ പൊലീസ് തിരിച്ചറിഞ്ഞു. ഇതിനിടെയാണ് മോഷണത്തിനായി പ്രതി വീണ്ടും പെരിന്തൽമണ്ണയിലെത്തിയെന്ന വിവരം കഴിഞ്ഞദിവസം പൊലീസിന് കിട്ടുന്നത്. തുടർന്ന് സി.ഐ. ടി.എസ്. ബിനുവിന്റെ നേതത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.