
പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയ്‌ക്കൊപ്പം വീട് വിട്ടിറങ്ങി ; ജീവിതം വഴിമുട്ടിയപ്പോൾ നിത്യചെലവിലായി കണ്ടെത്തിയത് മാല മോഷണവും : പണമുണ്ടാക്കാൻ മാല മോഷണത്തിനായി ഇറങ്ങിയ യുവാവും കാമുകിയും പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
പെരിന്തൽമണ്ണ : ബൈക്കിലെത്തി മാല മോഷണം പതിവാക്കിയ യുവാവും കാമുകിയും പൊലീസ് പിടിയിൽ. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗും (23) കാമുകിയുമാണ് മാല മോഷണ കേസിൽ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്.
ജൂലൈ 23ന് വൈകീട്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപത്തു വെച്ചായിരുന്നു സംഭവം അരങ്ങേറിയത്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ സ്ത്രീയിൽ നിന്നു ലഭിച്ച വിവരങ്ങളും ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി. ദൃശ്യങ്ങൾ പരിശോധിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങൾ ശേഖരിച്ചുമായിരുന്നു പൊലീസിന്റെ അന്വേഷണം പുരോഗമിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സഞ്ചരിച്ച ബൈക്കിനെക്കുറിച്ചും പ്രതികളെക്കുറിച്ചും സൂചന ലഭിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞതോടെ വാടകക്കാറിൽ പ്രതികൾ വയനാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതായ വിവരത്തെത്തുടർന്ന് പൊലീസെത്തി യുവാവിനെയും പെൺകുട്ടിയേയും പിടികൂടുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടിയുമായി പ്രണയത്തിലായി വീടുവിട്ടിറങ്ങേണ്ടി വന്നതായും തുടർന്ന് നിത്യചെലവിനും വാഹനം വാങ്ങുന്നതിനും കണ്ടെത്തിയ മാർഗമാണ് മാലപൊട്ടിക്കലെന്നും പ്രതി പൊലീസിനോട് പറയുകയായിരുന്നു.
മോഷണ സമയത്ത് ബൈക്കിന്റെ പിന്നിലുണ്ടായിരുന്നത് കാമുകിയായിരുന്നെന്ന് പ്രതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. വീട് വിട്ട് ഇറങ്ങിയതോടെ ചെലവിനായുള്ള പണമുണ്ടാക്കാൻ ഇരുവരും ആലോചിച്ച് കണ്ടെത്തിയ മാർഗമാണ് മാലപൊട്ടിക്കലെന്നും ശ്രീരാഗ് പൊലീസിനോട് പറഞ്ഞു.
മലപ്പുറത്തെ ഒരു ജൂവലറിയിൽ വിറ്റ മാല ശ്രീരാഗിന്റെ സാന്നിധ്യത്തിൽ പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. കേസിൽ ശ്രീരാഗിനെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പൊലീസ് വിട്ടയ്ക്കുകയും ചെയ്തു.