വിൽപ്പനയ്ക്കായ് എത്തിച്ച കഞ്ചാവുമായി പെരിന്തൽമണ്ണയിൽ അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ ; ഇയാളിൽ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെടുത്തു

Spread the love

പെരിന്തല്‍മണ്ണ :  പുലാമന്തോളില്‍ 10 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ദേബ് കുമാർ ബിശ്വാസ് (32) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

പുലാമന്തോള്‍ ചെമ്മലശ്ശേരി ഭാഗങ്ങളില്‍ ഇതരം സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതര സംസ്ഥാന തൊഴിലാളികളെ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു.

കഴിഞ്ഞ ദിവസം  കഞ്ചാവ് ഉപയോഗിക്കുന്ന രണ്ടു യുവാക്കളെ എക്സൈസുകാർ പിടിച്ചിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ വിവരങ്ങളനുസരിച്ച്‌ അന്വേഷണം മുന്നോട്ടുപോയി. ഇതിനൊടുവിലാണ് മൊത്ത കച്ചവടക്കാരൻ അറസ്റ്റിലായത്. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ഗോല്‍ജാർ ബാഗ് സ്വദേശിയായ ദേബ് കുമാർ ബിശ്വാസ് ചെമ്മലശ്ശേരി രണ്ടാം മൈലില്‍നിന്നാണ് പിടിയിലാവുന്നത്. പരിശോധിച്ചപ്പോള്‍ ഇയാളുടെ ഷോള്‍ഡർ ബാഗില്‍ സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവും ഒരു ലക്ഷത്തിലധികം രൂപയും കണ്ടെടുത്തു. സംസ്ഥാനത്തിന് പുറത്തു നിന്ന് ട്രെയിനിലാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിന്തല്‍മണ്ണ എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം എക്സൈസ് ഇന്റലിജൻസ് പാർട്ടിയും സംയുക്തമായാണ് പരിശോധ നടത്തിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ യൂനുസ് എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അശോക്.പി, പ്രിവന്റീവ് ഓഫീസർ സുനില്‍കുമാർ, ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു ഡി, പ്രിവന്റീവ് ഓഫീസർ സായി റാം, സിവില്‍ എക്സൈസ് ഓഫീസർമാരായ ഷംസുദ്ദീൻ, തേജസ്, അബ്ദുല്‍ ജലീല്‍, വനിത സിവില്‍ എക്സൈസ് ഓഫീസർ പ്രസീദ മോള്‍, എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി ജിഷ്ണു പി.ആർ എന്നിവർ കേസെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.