
കട്ടപ്പന: കാലാവസ്ഥ വ്യതിയാനം മൂലം ഉല്‍പ്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ കുരുമുളക് കർഷകർ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ വർഷത്തെ വേനല്‍ ഏലം കർഷകർക്കൊപ്പം കുരുമുളക് കർഷകരുടെയും നടുവൊടിച്ചിരുന്നു.
ഇടുക്കിയില്‍ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. 39 കോടിയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തവണ നല്ല ഉല്‍പ്പാദനം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരുണ്ടായിരുന്നത്. എന്നാല്‍ വേനലിനു ശേഷമുണ്ടായ മഴ കർഷകരെ ചതിച്ചു. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിർക്കുന്നത്. ഇതിനു ശേഷം ചെറിയ ഇടവേള കിട്ടിയെങ്കില്‍ മാത്രമേ വള്ളികളില്‍ കുരുമുളക് തിരിയിടുകയുള്ളൂ.
മഴക്കുള്ള ഈ ഇടവേള കിട്ടാതെ വന്നതോടെ തിരികളുണ്ടാകുന്നത് ഗണ്യമായി കുറഞ്ഞു. ഇതാണ് ഉല്‍പ്പാദനം കുറയാൻ പ്രധാന കാരണമായത്. വിളവെടുത്തു കഴിഞ്ഞപ്പോള്‍ കഴിഞ്ഞ വർഷത്തേതിൻ്റെ മൂന്നില്‍ രണ്ട് മാത്രമാണ് കിട്ടിയത്. വിലയില്‍ ഇത്തവണ കാര്യമായ വർധനവുണ്ടായി. കിലോയ്ക്ക് 700 രൂപക്ക് മുകളിലാണിപ്പോള്‍ വില. എന്നാല്‍ ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞതിനാല്‍ കർഷകർക്ക് പ്രയോജനമില്ലാതായി.