കടൽ കടന്ന് കുരുമുളക് : കേരളത്തിൽ നിന്ന്‌ കുരുമുളക്‌ തൈകൾ ഉഗാണ്ടയിലേക്ക്‌

Spread the love

ആലപ്പുഴ: സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഒന്നാണ് കുരുമുളക്. വിദേശരാജ്യങ്ങളിൽ പോലും കുരുമുളകിന് വൻ ഡിമാൻഡാണ്. ഇപ്പോഴിതാ കേരളത്തിൽ നിന്ന് ആദ്യമായി കുരുമുളക് തൈകൾ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലേക്ക് പറക്കുന്നു. ഇതിനായുള്ള സംവിധാനം ഒരുക്കുന്നത് ആലപ്പുഴ ഭരണിക്കാവ് സഹകരണ ബാങ്കാണ്.

ഉഗാണ്ടയിൽ വർഷങ്ങളായി ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശിയാണ് അവിടെ കൃഷിയിറക്കുന്നത്. ഇതിനാവശ്യമായ കുരുമുളക് തൈകൾ എത്തിക്കാൻ അദ്ദേഹം പല സ്ഥാപനങ്ങളുടെയും കാർഷിക വിദഗ്ധരുടെയും സഹായം തേടിയെങ്കിലും ഫലം കണ്ടില്ല. തൈ കയറ്റുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് പ്രധാന തടസമായി നിന്നത്.
അവസാനം, ഇദ്ദേഹത്തിൻറെ ബന്ധു വഴി നടത്തിയ അന്വേഷണങ്ങൾ ആലപ്പുഴ ഭരണിക്കാവ് സഹകരണ ബാങ്കിലാണ് അവസാനിച്ചത്. കാർഷിക മേഖലയിൽ ബാങ്ക് നടത്തുന്ന വിവിധ പദ്ധതികളും പ്രവർത്തനങ്ങളും അറിഞ്ഞതിനാലാണ് അദ്ദേഹം ഇവിടെയെത്തിയത്.

കരിമുണ്ട, പന്നിയൂർ 1 എന്നീ ഇനങ്ങളിലായി ഏകദേശം 1000 കുരുമുളക് തൈകളാണ് അയക്കാൻ തയ്യാറായിരിക്കുന്നത്. ക്വാറന്റൈൻ റെഗുലേഷൻ പ്രകാരം മണ്ണ് നിറച്ച ഗ്രോബാഗുകൾ കയറ്റുമതി ചെയ്യാൻ സാധിക്കില്ല. ഒരു അടിവരെ വളർത്തിയ തൈകളിലെ മണ്ണ് പൂര്‍ണമായി നീക്കം ചെയ്ത് കഴുകിയെടുത്ത ശേഷം ചകിരിച്ചോർ നിറച്ച ചെറു ഗ്രോബാഗുകളിൽ നട്ടു. ആവശ്യമായ ഈർപ്പം നൽകി, പ്രത്യേക അന്തരീക്ഷത്തിൽ ഏകദേശം ഒരു മാസം സൂക്ഷിച്ചു. അതോടൊപ്പം, പത്രപോഷണ രീതിയിൽ വളവും രോഗനിയന്ത്രണത്തിനുള്ള കുമിൾനാശിനിയും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉഗാണ്ടയിൽ എത്താൻ കുറഞ്ഞത് പത്ത് ദിവസങ്ങളെങ്കിലും എടുക്കും എന്നതിനാൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് തൈകൾ തയ്യാറാക്കിയത്. പ്രത്യേകം തയ്യാറാക്കിയ കണ്ടയ്‌നറുകളിലാണ് തൈകൾ നിറച്ചത്. ഇത് ഉടൻതന്നെ കയറ്റി അയക്കും.