
അടിമാലി: അടിമാലിയിലെ പെൻഷൻ സമരത്തിൽ മറിയക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന താണിക്കുഴി വീട്ടിൽ അന്നക്കുട്ടി മരണപ്പെട്ടു. ഉദരസംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും.
വിധവ പെൻഷൻ കുടിശ്ശിക തന്നുതീർക്കുക. പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബർ എട്ടിനാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കർ പൊന്നിരുത്തുംപാറയിൽ മറിയക്കുട്ടിയും ചേർന്ന് അടിമാലി ടൗണിൽ പ്ലക്കാടുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്. കറണ്ട് ബില്ല് അടയ്ക്കാൻ നിവൃത്തിയില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുമായാണ് ഇവർ അടിമാലി ടൗണിൽ പ്രതിഷേധിച്ചത്. ഇത് കേരളത്തിൽ വലിയ സമരാഹ്വാനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇവരുടെ സമരം പ്രതിപക്ഷം ഏറ്റെടുത്തതോടെ സർക്കാരിന് നിൽക്കക്കള്ളിയില്ലാതായി. ഒരു മാസത്തെ പെൻഷൻ അടിയന്തിരമായി നൽകി. നാനാമേഖലകളിൽനിന്ന് പൊതുപ്രവർത്തകരും രാഷ്ട്രീയക്കാരും സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരും ഈ വയോധികരെ കാണാനെത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, തൃശ്ശൂർ എംപിയും സിനിമ താരവുമായ സുരേഷ് ഗോപി അടക്കമുള്ളവർ ഇവർക്ക് പിന്തുണയുമായെത്തി.
സർക്കാരിന്റെ പെൻഷൻ ലഭിക്കുന്നതുവരെ ഇരുവൃദ്ധർക്കും പ്രതിമാസം 1600 രൂപ വീതം പെൻഷൻ നൽകുമെന്ന് രമേശ് ചെന്നിത്തലയും സുരേഷ് ഗോപിയും അന്ന് പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് ഇപ്പോഴും പെൻഷൻ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
പരേതനായ ഔസേപ്പ് ആണ് അന്നക്കുട്ടിയുടെ ഭർത്താവ്. മക്കൾ: പരേതരായ ഗ്രേസി, നൈനച്ചൻ, മറിയം. സംസ്കാരം: വ്യാഴാഴ്ച