play-sharp-fill
അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതില്‍ വയോജനങ്ങളില്‍ പ്രതിഷേധം കനക്കുന്നു ; വയോജന സംഘടനകള്‍ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പലതും ബജറ്റില്‍ പരിഗണിച്ചില്ല

അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതില്‍ വയോജനങ്ങളില്‍ പ്രതിഷേധം കനക്കുന്നു ; വയോജന സംഘടനകള്‍ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പലതും ബജറ്റില്‍ പരിഗണിച്ചില്ല

 

കല്‍പ്പറ്റ: 1,600 രൂപയാണ് പ്രതിമാസ വയോജന പെൻഷൻ. കഴിഞ്ഞ ഓഗസ്റ്റിനുശേഷം പെൻഷൻ വിതരണം ചെയ്തിട്ടില്ല. മരുന്ന് ഉള്‍പ്പെടെ അത്യാവശ്യങ്ങള്‍ക്ക് പെൻഷനെ ആശ്രയിക്കുന്ന വൃദ്ധ ജനങ്ങള്‍ നിരവധിയാണ്. പെൻഷൻ കിട്ടുന്പോള്‍ നല്‍കാമെന്നു പറഞ്ഞ് പരിചയക്കാരില്‍നിന്നു വായ്പ വാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കാൻ കഴിയാതെ ഉഴലുകയാണ് പലരും.

 

സംസ്ഥാന ബജറ്റില്‍ പെൻഷൻ വർധിപ്പിച്ച്‌ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു വയോജനങ്ങളില്‍ പലരുടെയും അനുമാനം. കുടിശിക തീർത്ത് പെൻഷൻ ലഭിക്കുന്നതിനു നടപടി ഉണ്ടാകുമെന്നും അവർ കരുതി. ഇത് അസ്ഥാനത്തായതില്‍ പെൻഷൻ ഗുണഭോക്താക്കളില്‍ നല്ലൊരു ശതമാനവും നിരാശരാണെന്ന് കേരള സീനിയർ സിറ്റിസണ്‍സ് ഫോറം ജില്ലാ പ്രസിഡന്‍റ് ടി.വി. രാജൻ, വൈസ് പ്രസിഡന്‍റ് കെ. ശശിധരൻ, സെക്രട്ടറി ഇ. മുരളീധരൻ, ട്രഷറർ ജി.കെ. ഗിരിജ എന്നിവർ പറഞ്ഞു.

 

65 വയസ് കഴിഞ്ഞവർക്ക് സർക്കാർ ആശുപത്രികളില്‍ പരിശോധനയും മരുന്നും സൗജന്യമായി ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി പഞ്ചായത്തുകളിലും പ്രാവർത്തികമാക്കണമെന്നത് മുതിർന്ന പൗരൻമാരുടെ കൂട്ടായ്മകള്‍ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവില്‍ നഗരസഭകളില്‍ മാത്രമാണ് വയോമിത്രം പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാനത്ത് പഞ്ചായത്തുകളിലുള്ള ആയിരക്കണക്കിനു വയോജനങ്ങള്‍ പദ്ധതിക്കു പുറത്താണ്. ഗ്രാമപ്പഞ്ചായത്തുകളിലുള്ളവരെയും വയോമിത്രം ഗുണഭോക്താക്കളാക്കുന്നതിന് വിവിധ സംഘടനാ ഭാരവാഹികള്‍ സാമൂഹിക ക്ഷേമ മന്ത്രിയെയടക്കം പലവട്ടം സമീപിച്ചതാണ്. പക്ഷേ ഫലം ഉണ്ടായില്ല.

 

വയോജന കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യത്തിനും ബജറ്റില്‍ പരിഗണന ലഭിച്ചില്ല. വയോധികരുടെ പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടല്‍ സാധ്യമാക്കുന്നതാണ് വയോജന കമ്മീഷൻ പ്രവർത്തനം. ഇതേക്കുറിച്ച്‌ ബജറ്റില്‍ പരാമർശം പോലും ഉണ്ടായില്ല. മുന്പ് രൂപീകരിച്ച വയോജന കൗണ്‍സിലിന്‍റെ പ്രവർത്തനം നിലച്ചിരിക്കയാണ്.