
മലപ്പുറം: സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം പൂർത്തിയായി. ജില്ലയിൽ 28,836 പേർ മസ്റ്ററിങ് നടത്തിയില്ല. ഇവരുടെ ക്ഷേമപെൻഷനുകൾ മസ്റ്ററിങ് നടത്തുന്നതു വരെ തടയും. ജില്ലയിലൊട്ടാകെ 5,39,351 പേരാണു ക്ഷേമപെൻഷനുകൾ വാങ്ങുന്നത്. ഇതിൽ 5,10,515 പേരാണു മസ്റ്ററിങ് നടത്തിയത്. 94.65 ശതമാനം പേരും മസ്റ്ററിങ് പൂർത്തീകരിച്ചു. കഴിഞ്ഞ 10 വരെയായിരുന്നു അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്താൻ സമയം അനുവദിച്ചിരുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മസ്റ്ററിങ് നടത്തിയത് ജില്ലയിലാണ്. പഞ്ചായത്തുകളിൽ 4,48,836, നഗരസഭകളിൽ 90,515 വീതം പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. മസ്റ്ററിങ് നടത്താത്തവർക്ക് തുടർന്നുള്ള മാസങ്ങളിൽ ക്ഷേമപെൻഷൻ ലഭിക്കില്ല. സമയപരിധി കഴിഞ്ഞു മസ്റ്ററിങ് നടത്തിയാലും മസ്റ്ററിങ് നടത്താത്ത കാലയളവിലുള്ള പെൻഷൻ ലഭിക്കില്ല.
ജില്ലയിൽ കർഷകത്തൊഴിലാളി ക്ഷേമപെൻഷൻ വാങ്ങുന്ന 21,609 പേരിൽ 20,528 പേരും ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ വാങ്ങുന്ന 2,98,680 പേരിൽ 2,79,73 പേരും ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ വാങ്ങുന്ന 56,953 പേരിൽ 54,009 പേരും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ വാങ്ങുന്ന 6,733 പേരിൽ 6,454 പേരും ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ വാങ്ങുന്ന 1,55,376 പേരിൽ 1,49,651 പേരും മസ്റ്ററിങ് പൂർത്തീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മസ്റ്ററിങ് നടത്താത്തവർ ഏറ്റവും കൂടുതലുള്ളത് ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ വാങ്ങുന്നവരാണ്. 18,807 പേരാണ് ഈ വിഭാഗത്തിൽ മസ്റ്ററിങ് നടത്താത്തത്. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ വാങ്ങുന്നവരിലെ 5,725 പേരും മസ്റ്ററിങ് നടത്തിയിട്ടില്ല. 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവരോടാണ് മസ്റ്ററിങ് നടത്താൻ ആവശ്യപ്പെട്ടിരുന്നത്.