video
play-sharp-fill
ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴയിടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വീഡിയോ ദൃശ്യങ്ങൾ  വ്യാജമായി  പ്രചരിപ്പിച്ചു ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴയിടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വീഡിയോ ദൃശ്യങ്ങൾ വ്യാജമായി പ്രചരിപ്പിച്ചു ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വർക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴയിടാൻ ശ്രമിച്ചു എന്ന് പറഞ്ഞ് വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കരിമഠം കോളനിയിൽ ടി.സി 39/1920 ൽ അജിത്ത് എന്ന് വിളി പേരുള്ള അജേഷി(19) നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ പിഴ അടക്കാൻ നിർദ്ദേശിച്ചതിന് പൊലീസ് ഉദ്യോഗസ്ഥയോട് കയർത്തു സംസാരിച്ചു, പൊലീസിന്റെ ഔദ്യോഗിക രേഖകൾ വലിച്ചെറിഞ്ഞു, കൃത്യനിർവഹണം തടസപ്പെടുത്തി, സോഷ്യൽ മീഡിയയിൽ പൊലീസിനെ മോശമായി ചിത്രീകരിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം ഈസ്റ്റ് ഫോർട്ടിന് സമീപം വനിതാ എസ്. ഐയുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അജേഷിന്റെ വാഹനത്തിന്റെ നമ്പർ ചോദിച്ചു തുടങ്ങുന്നതിനിടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. വാഹനത്തിന്റെ നമ്പർ പറഞ്ഞു കൊടുക്കാതിരുന്ന അജേഷ്, വർക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടു പോകുന്ന വാഹനത്തിന് എന്തിനാണ് പിഴയിടുന്നതെന്ന് ചോദിക്കുന്നുണ്ട്. ഇതിനിടെയിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ പിടിച്ച് വാങ്ങാൻ പൊലീസുകാർ ശ്രമിക്കുന്നുണ്ട്. ബഹളം വച്ച് ആളെ കൂട്ടരുതെന്നും വനിതാ എസ്.ഐ പറയുന്നുണ്ട്. ഒടുവിൽ അജേഷിന്റെ പ്രതികരണത്തിൽ സഹികെട്ട് പരിശോധന മതിയാക്കി വാഹനം എടുത്ത് പൊലീസ് തിരിച്ച് പോവുകയായിരുന്നു
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, അമിത വേഗതയിൽ ഇരുചക്രവാഹനം ഓടിച്ച് വന്നുവെന്നും കൈകാണിച്ചിട്ട് നിർത്താതെ അടുത്ത പമ്പിൽ കയറ്റി നിർത്തുകയായിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാൻ നിർദേശിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥയോട് കയർത്ത് സംസാരിക്കുകയായിരുന്നെന്നും അതിനെ തുടർന്നാണ് അറസ്റ്റ് എന്നുമാണ് പോലീസ് പറയുന്നത്.