രജനി തിരുമ്പി വന്നിട്ടേന്ന് സൊല്ല്..! മാസിന്റെ കൊലമാസ് പ്രകടനവുമായി രജനിയുടെ പേട്ട; ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ പാക്ക്ഡ് സൂപ്പർ സ്റ്റാർ പടം
ഫിലിം റിവ്യു
ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല. ഇതാണ് കളി…! ആരാധകർ പ്രതീക്ഷിച്ചിരുന്ന കൊലമാസ് രജനി. ആദ്യാവസാനം ആക്ഷൻ പാക്ക്ഡ് ത്രില്ലർ സിനിമ. ഇതായിരുന്നു രജനീകാന്ത് എന്ന സൂപ്പർ സ്റ്റാറിൽ നിന്നും പ്രക്ഷകർ പ്രതീക്ഷിച്ചിരുന്നത്. രജനീകാന്തിന് സൂപ്പർ സ്റ്റാർ എന്ന പേര് ആരാധകർ നൽകിയിട്ടുണ്ടെങ്കിൽ അത് എന്തിനാണെന്നു വ്യക്തമാക്കുന്നതായിരുന്നു പേട്ടയുടെ ആദ്യാവസാനമുള്ള രജനി ഷോ. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പുറത്തിറങ്ങിയ രജനീ സിനിമകളിൽ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന സിനിമ. ഒപ്പം ആനുകാലിക രാഷ്ട്രീയ പ്രമേയളങ്ങളും സിനിമ ഒളിപ്പിച്ചു കടത്തിയിരിക്കുന്നു. തമിഴ് സിനിമയിലെ സ്ഥിരം പ്രണയവും പ്രതികാരവും ആക്ഷനുമാണ് ചിത്രത്തിലുള്ളതെങ്കിലും അതിലും വ്യത്യസ്തത കൊണ്ടു വരാൻ തിരക്കഥാകൃത്തും സംവിധായകനുമായ കാർത്തിക് സുബരാജ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മലയാളി സാന്നിധ്യമായി കമ്മട്ടിപ്പാടത്തിലെ ബാലേട്ടൻ മണികണ്ഠനും നിറഞ്ഞു നിൽക്കുന്നു.
ഡാർജിലിംഗിലെ ബോയ്‌സ് ഹോസ്റ്റലിൽ വൻ റെക്കമൻഡേഷനോടെ കാളി ഹോസ്റ്റൽ വാർഡനായി എത്തുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം. ഹോസ്റ്റലിന്റെയും കോളേജ് ക്യാന്റീനിന്റെയും കൊട്ടേഷൻ എടുത്തിരിക്കുന്ന പ്രാദേശിക ഗുണ്ടയുടെ മകനായ മൈക്കിളിനെയും സംഘത്തെയും അടിച്ചൊതുക്കി കാളി ഹോസ്റ്റലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. പിന്നീട്, ലോക്കൽ ഗുണ്ടയുടെ ഗുണ്ടാപടയും കാളിയുമായുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നു. ഇതിനിടെ പ്രണയവും പ്രണയ സഹായവും വാലന്റൈൻസ് ഡേയ്ക്കിടയിലെ കാവിപ്പടയുടെ ആക്രമവും, കഴുതകല്യാണവും എല്ലാം വന്നു പോകുന്നു. പക്ഷേ, എന്തിനാണ് കാളി കോളജ് ഹോസ്റ്റലിൽ വാർഡനായി വന്നതെന്ന സസ്‌പെൻസാണ് സിനിമയുടെ ജീവൻ. ആദ്യ പകുതിയിൽ കാളിയുടെ ആ സസ്‌പെൻസ് പൊളിക്കുന്നതോടെ സിനിമ മറ്റൊരു തലത്തിലേയ്ക്ക് മാറുകയാണ്.
രണ്ടാം പകുതി പൂർണമായും നടക്കുന്നത് ഉത്തർ പ്രദേശിലാണ്. മധുരയിൽ നിന്നും നാടുവിട്ട സിംഗാർ സിംഗിനെതിരെ പ്രതികാരം ചെയ്യാനാണ് പേട്ടയായി മാറുന്ന കാളി ഉത്തർപ്രദേശിൽ എത്തുന്നത്. പിന്നീട് പൊരിഞ്ഞ പോരാട്ടമാണ്. ഉത്തർപ്രദേശിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഗുണ്ടാ നേതാവിനെ അവരുടെ പാളയത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് കൂട്ടത്തിൽ നിർത്തി തകർക്കുകയാണ് പേട്ട.. സാധാരണമായ ഒരു പ്രതികാര കഥയെ അസാധാരണമാക്കുന്നത് ക്ലൈമാക്‌സിലെ അപ്രതീക്ഷിത ട്വിസ്റ്റാണ്. കൂട്ട വെടിവയ്പ്പും പ്രതികാരവും കൊലപാതകവും കഴിഞ്ഞ് പടം തീർന്നു എന്ന് പ്രതീക്ഷിക്കുന്നിടത്ത് അപ്രതീക്ഷിത ട്വിസ്റ്റ് തിരക്കഥാകൃത്ത് കൊണ്ടു വരുന്നു. ഇവിടെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
അടുത്തിടെ പുറത്തിറങ്ങിയ രജനിയുടെ ചിത്രങ്ങളിൽ മാസ് എന്ന് വിശ്വസിച്ച് ടിക്കറ്റെടുക്കാവുന്ന ചിത്രം തന്നെയാണ് പേട്ട. പ്രേക്ഷകന് ഒരു മിനിറ്റ് ശ്വാസം വിടാൻ സമയം നൽകാത്ത കട്ട മാസം പടം തന്നെ. രജനിക്കൊപ്പം തകർപ്പൻ പ്രകടനവുമായി വിജയ് സേതുപതി നിറഞ്ഞു നിൽക്കുന്ന ചിത്രത്തിൽ വില്ലൻ സിങ്ഗാർ സിംഗായി നവാസുദീൻ സിദ്ദിഖി തകർത്ത് അഭിനയിക്കുന്നു. ചുരുങ്ങിയ സമയം മാത്രമേ ഉള്ളൂവെങ്കിലും തന്റേതായ റോൾ ഭംഗിയാക്കാൻ ശശികുമാറിനും കഴിഞ്ഞിട്ടുണ്ട്.
മണൽവാരലും പ്രകൃതി ചൂഷണവും പ്രണയവും പ്രണയത്തിന്റെ പേരിലുള്ള കലാപവും എല്ലാം രണ്ടു മണിക്കൂറും പന്ത്രണ്ട് മിനിറ്റും നീണ്ടു നിന്ന ചിത്രത്തിൽ സജീവമായുണ്ട്. തിരുവിന്റെ ഛായാഗ്രാഹണവും, അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതവും പാട്ടുകളും ഒന്നിനൊന്ന് മെച്ചം. കാളി പേട്ടയായി മാറിയ ശേഷമുള്ള ബാക്ഗ്രൗണ്ട് സ്‌കോറുകൾ അതി ഗംഭീരം. മൊത്തത്തിൽ കാശുകൊടുത്തു കയറുന്ന പ്രേക്ഷകൻ ആഗ്രഹിക്കുന്ന തകർപ്പൻ പ്രകടനമാണ് സിനിമ നൽകുന്നതെന്ന് നിസംശയം പറയാം.