തേയില ഫാക്ടറികൾ പൂട്ടിയിട്ട് പതിനെട്ട് വർഷം;പീരുമേട്ടിലെ തോട്ടം തൊഴിലാളികൾ മുഴു പട്ടിണിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഉപ്പുതറ: പീരുമേട്ടിലെ തേയില ഫാക്ടറികൾ പൂട്ടിയിട്ട് പതിനെട്ട് വർഷങ്ങൾ. പീരുമേട് തേയില കമ്പനിയിലെ ചീന്തലാർ, പീരുമേട് ഫാക്ടറികളാണ് ഇപ്പോഴും തൊഴിലാളികളുടെ നെഞ്ചിൽ നീറ്റലായി തുടരുന്നത്. ലോൺട്രിയിലെ ചീന്തലാർ ഫാക്ടറിയും കാറ്റാടിക്കവലക്ക് സമീപത്തുണ്ടായിരുന്ന പീരുമേട് ഫാക്ടറിയും ഇന്ന് ഓർമ്മകളിൽ മാത്രം. ഒരു കാലത്ത് ഉപ്പുതറ പഞ്ചായത്തിന്റെ പ്രധാന സാമ്പത്തിക ഉറവിടവും ഈ ഫാക്ടറികളും തോട്ടങ്ങളുമായിരുന്നു.
പീരുമേട് തേയില കമ്പനി വഴി യാത്ര ചെയ്യുന്നത് സഞ്ചാരികൾക്ക് കൗതുകമുണർത്തിയിരുന്നു. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകൾക്ക് നടുവിലായി രണ്ട് ഫാക്ടറികൾ.ഇന്നിപ്പോൾ തകർന്ന കെട്ടിടങ്ങൾ മാത്രമാണുള്ളത്.

1995-ൽ തേയില പ്രതിസന്ധി ഉടലെടുക്കുകയും 2000-ൽ തോട്ടവും ഫാക്ടറികളും ഉപേക്ഷിച്ച് ഉടമ പോയതോടെ ഫാക്ടറികൾ അനാഥമായി. രണ്ട് ഫാക്ടറികളിലും തോട്ടത്തിലെ നാല് ഡിവിഷനുകളിലുമായി 3500 തൊഴിലാളികളായിരുന്നു ജോലി ചെയ്തിരുന്നത്. ഇവരുടെയും പിൻതലമുറക്കാരുടെയും തൊഴിൽ നഷ്ടപ്പെട്ടിട്ട് ഒരു വ്യാഴവട്ടക്കാലമായി. ഇപ്പോൾ തൊഴിലാളി യൂണിയനുകളുടെ നേതൃത്തിൽ തോട്ടം നടത്തുന്നുണ്ടെങ്കിലും ഫാക്ടറികൾ കാടുപിടിച്ച് അനാഥമായി കിടക്കുകയാണ്. തോട്ടം ഉപേക്ഷിക്കുന്നതിന് ഏതാനും ദിവസം മുൻപ് നിർമിച്ച തേയിലപ്പൊടികൾ ഫാക്ടറിയിൽ ഇന്നും കിടക്കുന്നു. ദിവസം ആറ് നേരം ഉയരുന്ന സൈറൺ ഇപ്പോഴും ഓരോ തൊഴിലാളിയുടേയും ചെവിയിൽ മുഴങ്ങുകയാണ്. പഴയ പ്രതാപകാലം തിരിച്ചുവരുന്ന നാളുകൾക്ക് കാതോർത്ത് കഴിയുകയാണ് ഓരോ തൊഴിലാളികളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group