ഓട്ടം വിളിച്ചിട്ട് പോകാത്തതിനെ തുടർന്നുള്ള തർക്കം , പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഉപദ്രവിക്കുന്നു; പരാതിയുമായി ഓട്ടോ ഡ്രൈവറും കുടുംബവും..! ആരോപണം നിഷേധിച്ച് നേതാക്കൾ
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കിയിലെ പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഓട്ടോറിക്ഷ ഡ്രൈവറെയും കുടുംബത്തെയും പിൻതുടർന്ന് ഉപദ്രവിക്കുന്നെന്ന് പരാതി. പുല്ലുകാലായിൽ ശ്രീജിത്ത് ടി ഷാജി, അമ്മയുടെ സഹോദരി ശ്രീലത എന്നിവർ ജില്ലാ പൊലീസ് മേധാവിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനും പരാതി നൽകി.
ഏപ്രിൽ ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ ശ്രീജിത്തിൻ്റെ ഓട്ടോറിക്ഷ പ്ലാക്കത്തടത്തേക്ക് ഓട്ടം വിളിച്ചു. പഴക്കമുള്ള വാഹനവുമായി ദുർഘടമായ ആ വഴിക്കുപോകാൻ കഴിയില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ഇതോടെ ദിനേശൻ്റെ നേതൃത്വത്തിൽ ഏഴ് സിപിഎം സിപിഎം പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയും വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തുകൊണ്ട് പോകുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാൻ പീരുമേട് ഏരിയാ സെക്രട്ടറി നടത്തിയ ചർച്ചക്കിടയിലും മർദ്ദനമേറ്റെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂൺ 18ന് ശ്രീജിത്തും സഹോദരമാരും ടൗണിൽ വച്ച് മദ്യപിച്ചത് എസ്എഫ്ഐ പ്രവർത്തകനായ അർജുൻ കൃഷ്ണയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. തർക്കം സംഘർഷത്തിൽ കലാശിക്കുകയും ശ്രീജിത്തും സംഘവും അർജുനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി തിരിച്ചടിച്ചു. ഇതിൽ പരുക്കേറ്റ ശ്രീജിത്തിനെയും ബന്ധുക്കളെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ സിപിഎം പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ചെയ്തെന്നും പരാതിയുണ്ട്.
പരാതി നൽകിയിട്ടും പീരുമേട് പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ഇവർ പറയുന്നു. അതേസമയം അർജുൻ കൃഷ്ണയെ ശ്രീജിത്തും ബന്ധുക്കളും ചേർന്ന് തലക്കടിപ്പ് പരുക്കേൽപ്പിച്ചതാണ് സംഘർഷത്തിന് കാരണമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. അർജുനെ മർദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോൾ മനപൂർവ്വം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നും സിപിഎം പറയുന്നു. ഭീഷണിപ്പെടുത്തിയെന്ന ആരോപണവും നേതാക്കൾ നിഷേധിച്ചു.