
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാൽതെറ്റി മതിലുകൾക്കിടയിൽ എട്ടടിയോളം താഴ്ചയിലേക്ക് പതിച്ച മയിലിന് ഫയർഫോഴ്സ് രക്ഷകരായി. അദാനി ഗ്രൂപ്പും സ്വകാര്യ വ്യക്തിയും നിർമ്മിച്ച കൂറ്റൻ മതിലുകളാണ് ഇര തേടിയിറങ്ങിയ ആൺ മയിലിന് വില്ലനായത്.മതിലുകൾക്കിടയിൽ കഷ്ടിച്ച് അരയടി വീതിയുള്ള വിടവിൽ കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ മയിലിനാണ് വിഴിഞ്ഞം ഫയർഫോഴ്സ് അധികൃതർ രക്ഷകരായത്.
ശനിയാഴ്ച വൈകുന്നേരം ആറരയോടെ വിഴിഞ്ഞം മുക്കോല പട്രോൾ പമ്പിന് സമീപം ശ്രീ സദനത്തിൽ വിജയകുമാറിന്റെ വീടിന് സമീപത്താണ് സംഭവം. വിഴിഞ്ഞം തുറമുഖ നിർമ്മാതാക്കൾക്ക് സർക്കാർ ഏറ്റെടുത്ത് നൽകിയ വസ്തു അതിർത്തി തിരിച്ച് അദാനി ഗ്രൂപ്പും, തൊട്ട് ചേർന്ന് വിജയകുമാറും മതിൽ കെട്ടിപ്പൊക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരു മതിലുകളും പരസ്പരം തൊടാതെ അര അടിയോളം വിടവും ഇട്ടു. കാൽ തെറ്റി ഇതിന് ഉള്ളിൽ പതിച്ച മയിലിന് ചിറകുകൾ വിടർത്താൻ പറ്റാത്ത തരത്തിൽ കുടുങ്ങി. രക്ഷപ്പെടുത്താൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്.
വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്ന് ഫയർഗ്രേഡ് എ.എസ്.ടി.ഒ. ജസ്റ്റിൻ, ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, ഷിജു, വിപിൻ എന്നിവർ സ്ഥലത്ത് എത്തി. ഒടുവിൽ ടോർച്ചിന്റെ വെളിച്ചത്തിൻ രണ്ട് ഹൂക്കുകൾ ഉപയോഗിച്ച് കുടുക്കിട്ട് എറെ സൂക്ഷ്മതയോടെ പുറത്തെടുത്തു. രാത്രി എട്ടോടെ പരിക്ക് ഏൽക്കാതെ പുറത്തെടുത്ത മയിലിന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പറത്തി വിട്ടു. കുറച്ച് സമയം മതിലിൽ ഇരുന്ന് വിശ്രമിച്ച മയിൽ ലക്ഷ്യസ്ഥാനത്തേക്ക് പറന്നു പോയി.