play-sharp-fill
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: എൽ.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയിൽ പി.ഡി.പി കണ്ണിചേരും; വർഗീയ സ്വഭാവമുള്ള പാർട്ടിയേ അടുപ്പിക്കില്ലെന്ന് പി.മോഹനൻ

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: എൽ.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയിൽ പി.ഡി.പി കണ്ണിചേരും; വർഗീയ സ്വഭാവമുള്ള പാർട്ടിയേ അടുപ്പിക്കില്ലെന്ന് പി.മോഹനൻ

 

സ്വന്തം ലേഖകൻ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ 26ന് എൽ.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയിൽ പി.ഡി.പിയും കണ്ണിചേരും. ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള എല്ലാ ജനാധിപത്യ പോരാട്ടങ്ങളോടും ഐക്യപ്പെടുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എൽ.ഡി.എഫിന്റെ സമരത്തിലും കണ്ണിചേരുന്നതെന്ന് പിഡിപി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം എന്ന നിലയിൽ ജനുവരി 30 ന് പി.ഡി.പി.യുടെ നേതൃത്വത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് പി.ഡി.പി നേതൃത്വം അറിയിച്ചു. സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസർക്കാരിനെതിരേയുള്ള താക്കീതായിരിക്കും വിമാനത്താവള ഉപരോധം. മൂന്ന് വിമാനത്താവളവും ഉപരോധിക്കുന്നുണ്ട്. അതിന്റെ ആദ്യ പടിയാണ് കരിപ്പൂർ വിമാനത്താവള ഉപരോധമെന്നും ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ വർഗീയ സ്വഭാവമുള്ള ഒരു പാർട്ടിയേയും മനുഷ്യശൃംഖലയിൽ അടുപ്പിക്കില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പ്രതികരിച്ചു. തീവ്രവാദ സ്വാഭവമുള്ള പാർട്ടികളെ പങ്കെടുപ്പിച്ചാൽ അത് തെറ്റായ സന്ദേശമാണ് നൽകുക. പൂർണമായും മതനിരപേക്ഷ മനസ്സുള്ളവരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

കോഴിക്കോട് മാത്രം ആറ് ലക്ഷം പേരാണ് മനുഷ്യശൃംഖലയിൽ അണിനിരക്കുന്നത്. ജില്ലയുടെ വടക്കേ അറ്റമായ പൂഴിത്തല മുതൽ മലപ്പുറം ജില്ലയോട് ചേർന്നുള്ള ഐക്കരപ്പടി വരെ 83 കിലോമീറ്ററിൽ മനുഷ്യ ശൃംഖല തീർക്കുമെന്ന് പി.മോഹനൻ അറിയിച്ചു. വർഗീയ സ്വഭാവമുള്ള സംഘടനകൾ ഒഴികെ എല്ലാവരേയും പങ്കെടുപ്പിച്ച് കൊണ്ടാണ് മനുഷ്യ ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു.