video
play-sharp-fill

ഈരാറ്റുപേട്ടയിലെ മുസ്ലീംങ്ങൾക്കെതിരെ തുറന്നടിച്ച് പി.സി ജോർജ്: പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ; പി.സി ജോർജിന്റെ വീടിന് നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കല്ലേറ്

ഈരാറ്റുപേട്ടയിലെ മുസ്ലീംങ്ങൾക്കെതിരെ തുറന്നടിച്ച് പി.സി ജോർജ്: പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ; പി.സി ജോർജിന്റെ വീടിന് നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കല്ലേറ്

Spread the love

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ മുസ്ലീംങ്ങളെ അടച്ചാക്ഷേപിക്കുന്ന മുസ്ലീം വിരുദ്ധ പരാമർശം അടങ്ങിയ സോഷ്യൽ മീഡിയ സന്ദേശം പ്രചരിച്ചതിന് പിന്നാലെ പി.സി ജോർജിന്റെ വീട്ടിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. വീടിന് നേരെ കല്ലെറിഞ്ഞവർ, വീടിന്റെ കമാനത്തിനും, ഓടുകൾക്കും കേടുപാടുകൾ വരുത്തി. ആക്രമണം നടക്കുമ്പോൾ പി.സി ജോർജിന്റെ ഭാര്യയും ബന്ധുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രവാസി മലയാളിയുമായി പി.സി ജോർജ് നടത്തുന്ന ഫോൺ സംഭാഷണത്തിന്റേത് എന്ന പേരിലാണ് ബുധനാഴ്ച ഉച്ച മുതൽ സോഷ്യൽ മീഡിയ വഴി വ്യാപകമായി മുസ്ലീം വിരുദ്ധ പരാമർശം പ്രചരിക്കപ്പെട്ടത്. ഇതേ തുടർന്ന് പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ രംഗത്ത് എത്തുകയായിരുന്നു. വീട്ടിലേയ്ക്ക് പ്രകടനം നടത്തിയ പ്രവർത്തകരെ തടയാൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, ഇതിനിടയിൽ നിന്നും ഒരു വിഭാഗം പ്രവർത്തകർ വീട്ടിലേയ്ക്ക് കല്ലെറിയുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 7.30 ഓടെ പി.സി ജോർജിന്റെ വസതിയിലേയ്ക്കാണ് മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തിയത്. ആക്രമണമുണ്ടായപ്പോൾ പി.സി ജോർജ് തിരുവനന്തപുരത്തും, മകൻ ഷോൺ ജോർജ് പൂഞ്ഞാറിലുമായിരുന്നു.പി.സി ജോർജിന്റെ വീട്ടിലേയ്ക്ക് കല്ലെറിഞ്ഞ സംഭവത്തിൽ മുസ്ലീം യൂത്ത് ലീഗിന് ബന്ധമില്ലെന്നും, അക്രമങ്ങളെ അപലപിക്കുന്നതായും യൂത്ത് ലീഗ് അറിയിച്ചു.
എന്നാൽ, വാട്‌സ്അപ്പിൽ പ്രചരിക്കുന്നത് തന്റെ ശബ്ദമല്ലെന്ന വാദമാണ് പി.സി ജോർജ് ഉയർത്തുന്നത്. തന്റെ ശബ്ദം മറ്റാരോ മോർഫ് ചെയ്ത ശേഷം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയാണെന്നും പി.സി ജോർജ് പറയുന്നു. എന്നാൽ, അക്രമത്തിന്റെ പശ്ചാത്തലത്തിൽ പി.സി ജോർജിന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. സംഭവത്തിൽ അക്രമികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.