
രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന കാലത്ത് കൂടുവിട്ട് കൂടു മാറിയ പി.സി.ചാക്കോ ആർക്കും വേണ്ടാത്ത കീറ ചാക്കായി മാറുമോ?മാതൃസംഘടനയിലേക്കുള്ള മടങ്ങിവരവ് യഥാർത്ഥ്യമാകുമോ? കോൺഗ്രസിലെ പ്രമുഖരുമായി രഹസ്യ ചർച്ച നടത്തി: ഇനിയെന്ത്?
കണ്ണൂർ: നാലുവർഷത്തെ എൻസിപി വേഷമഴിച്ചു വെച്ച് പി.സി ചാക്കോ കോണ്‍ഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോ .ള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഏറെയാണ്.
മാതൃസംഘടനയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് പി.സി ചാക്കോ നേരത്തെ ഹൈക്കമാൻഡിലെ പ്രമുഖരുമായും തലമുതിർന്ന നേതാവായ എ കെ ആൻ്റണിയുമായും രഹസ്യ ചർച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന. കെ.പി.സി.സിയില്‍ ഇപ്പോഴുള്ള പല നേതാക്കളും പി.സി ചാക്കോയുടെ ശിഷ്യൻമാരാണ്. എൻ.സി.പി വിട്ടു വന്ന് കോണ്‍ഗ്രസില്‍ സജീവമായ കെ മുരളീധരന് എം.പി സ്ഥാനവും എംഎല്‍എ സ്ഥാനവും നല്‍കിയതുപോലെ തന്നെയും പരിഗണിക്കുമെന്നാണ് പി സി ചാക്കോയുടെ പ്രതീക്ഷ.
വരുന്ന രാജ്യസഭാ സീറ്റുകളിലൊന്നും പി.സി ചാക്കോ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരിക്കെ, 2021 ലെ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി വിട്ട് ഇറങ്ങിപ്പോയ ദേശീയ നേതാക്കളിലൊരാളാണ് പി.സി ചാക്കോ. ഒരു കാലത്ത് ഹൈക്കമാൻഡിൻ്റെ ഏറെ വിശ്വസ്തനായിരുന്നു ചാക്കോ. പാർലമെൻ്റില്‍ ജെ.പി.സി അദ്ധ്യക്ഷ പദവി വരെ അദ്ദേഹം വഹിച്ചിട്ടുണ്ട്.
മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാവാൻ അഖിലേന്ത്യാ അധ്യക്ഷൻ ശരത് പവാറുമായുള്ള അടുത്ത ബന്ധമാണ് ചാക്കോയെ തുണച്ചത്.
ഒടുവില്‍ അവിടെയും തര്‍ക്കങ്ങളും വിഭാഗീയതയും ചാക്കോ കാരണം ഉടലെടുത്തു. നാല് വര്‍ഷത്തിനുള്ളില്‍ അവിടെ നിന്നും രാജിവെച്ച് പുറത്തേക്ക് പോകുന്ന പി.സി ചാക്കോ വ്യക്തമായ രാഷ്ട്രീയ കണക്കു കൂട്ടലോടെയാണ്. തൻ്റെ സുദിർഘമായ രാഷ്ട്രീയ ജീവിതകാലയളവില്‍ നേടേണ്ടതെല്ലാം നേടിയിട്ടും എങ്ങും കാലുറയ്ക്കാതെയാണ് പി സി ചാക്കോ എന്ന നേതാവിന്റെ പടിയിറക്കം. എന്‍സിപിയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ ഒടുവില്‍ പടിയിറങ്ങേണ്ടി വരുമ്പോള്‍ ചാക്കോയുടെ രാഷ്ട്രീയഭാവി ഇനി എന്താകുമെന്നത് ഒരു ചോദ്യചിഹ്നമാണ്. കോണ്‍ഗ്രസ് ചാക്കോയെ സ്വീകരിച്ചില്ലെങ്കില്‍ പിന്നെ ബി.ജെ.പിയാണ് ശരണം. ജോർജ് കുര്യൻ്റെ വഴിയെ മധ്യതിരുവിതാംകൂറില്‍ സ്വാധീനമുള്ള ഒരു ക്രിസ്ത്യൻ മുതിർന്ന നേതാവിനെ മറുകണ്ടം ചാടിക്കാൻ ബി.ജെ.പിക്കും താല്‍പര്യമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 മാര്‍ച്ചിലാണ് ഈ പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നാരോപിച്ച് പി സി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിപ്പോന്നത്. 1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്, 1973 മുതല്‍ 1975 വരെ ദേശീയ ജനറല്‍ സെക്രട്ടറി, 1975 മുതല്‍ 1979 വരെ കെപിസിസിയുടെ ജനറല്‍ സെക്രട്ടറി. പിന്നീട് കോണ്‍ഗ്രസിലെ വിഭാഗീയ കാലത്ത് ആന്റണിക്കൊപ്പം നിന്ന് ഇടതുപക്ഷവുമായി ചേര്‍ന്ന് മത്സരിച്ചു.
മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ജയിച്ചതോടെ മന്ത്രിയാകാനുള്ള ഭാഗ്യവും ചാക്കോയ്ക്കുണ്ടായി. 1980-1981 ലെ ഇ കെ. നായനാര്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു പിസി ചാക്കോ.
പിന്നീട് തിരിച്ച് കോണ്‍ഗ്രസില്‍ തന്നെയെത്തിയ ചാക്കോ, 1991, 1996, 1998, 2009 എന്നീ വര്‍ഷങ്ങളിലെല്ലാം ലോക്‌സഭയിലെത്തി. ചുരുക്കത്തില്‍ മന്ത്രിസ്ഥാനത്ത് കാര്യമായി ഇരിപ്പിടം കിട്ടിയില്ല എന്നതൊഴിച്ചാല്‍, പാര്‍ട്ടിയുടെ പരിഗണനകള്‍ ആവോളം ലഭിച്ച വ്യക്തിയായിരുന്നു പി സി ചാക്കോ. കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയപ്പോഴും ഒരു മന്ത്രിക്കുപ്പായം പി സി ചാക്കോ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ തോമസ് കെ തോമസ് തര്‍ക്കത്തില്‍ ഒരു ‘റഫറി’ ആയി നില്‍കാനായിരുന്നു ചാക്കോ ആദ്യം തീരുമാനിച്ചത്. തുടക്കത്തില്‍, ശശീന്ദ്രനൊപ്പം, പിന്നീട് തോമസ് കെ തോമസിനൊപ്പം എന്ന കണക്കെ ചാക്കോ മലക്കം മറിഞ്ഞു. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ടിട്ടും മന്ത്രിസ്ഥാനം വിട്ടൊഴിയാന്‍ ശശീന്ദ്രനോ മാറ്റം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ തയ്യാറായില്ല.
മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി സംസാരിക്കാനറിയാമെന്ന തരത്തില്‍ പിണറായിയെ വിമര്‍ശിച്ചുള്ള എന്‍സിപി നേതൃയോഗത്തിലെ പിസി ചാക്കോയുടെ പ്രസംഗംകൂടി പുറത്തുവന്നതോടെ ചാക്കോ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും കണ്ണിലെ കരടായി മാറി. തനിക്ക് മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ പി സി ചാക്കോയ്ക്കു കഴിയില്ലെന്നായതോടെ ശശീന്ദ്രന് ഒപ്പം നില്‍ക്കുന്നതാണ് നേട്ടമെന്ന് തോമസ് കെ തോമസും തിരിച്ചറിഞ്ഞു.
അങ്ങനെ എ കെ ശശീന്ദ്രനും തോമസ് കെ തോമസും ഒന്നിച്ചതോടെ പാർട്ടിയില്‍ പി സി ചാക്കോയ്ക്ക് നില്‍ക്കക്കള്ളി ഇല്ലാതെയായി. ഇതോടെയാണ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്. നിർണായക ഘട്ടത്തില്‍ കാലുമാറിയ പി.സി ചാക്കോയെ വീണ്ടും പാർട്ടിയിലേക്ക് ആനയിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന കാലത്ത് കൂടുവിട്ട് കൂടു മാറിയ ചാക്കോ ആർക്കും വേണ്ടാത്ത കീറ ചാക്കായി മാറുമോയെന്ന് കണ്ടറിയണം.