പി.സി ചാക്കോയുടെ രാജി ഒടുവില്‍ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ അംഗീകരിച്ചു: ഇക്കാര്യം പവാർ നേരിട്ട് ചാക്കോയെ അറിയിച്ചു: പുതിയ സംസ്ഥാന അദ്ധ്യക്ഷനെ തീരുമാനിക്കാൻ എൻ.സി.പി ദേശീയ ജനറല്‍ സെക്രട്ടറിയും മഹാരാഷ്ട്രയിലെ പാർലമെന്ററി പാർട്ടി നേതാവുമായ ജിതേന്ദ്ര അവാദിനെ പവാർ ചുമതലപ്പെടുത്തി.

Spread the love

തിരുവനന്തപുരം: എൻ.സി.പിയില്‍ നടക്കുന്ന ചക്കളത്തി പോരാട്ടത്തിന് അന്ത്യം കുറിച്ച്‌ പി.സി ചാക്കോയുടെ രാജി ഒടുവില്‍ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ അംഗീകരിച്ചു.
ഇക്കാര്യം പവാർ നേരിട്ട് ചാക്കോയെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ സംസ്ഥാന അദ്ധ്യക്ഷനെ തീരുമാനിക്കാൻ എൻ.സി.പി ദേശീയ ജനറല്‍ സെക്രട്ടറിയും മഹാരാഷ്ട്രയിലെ പാർലമെന്ററി പാർട്ടി നേതാവുമായ ജിതേന്ദ്ര അവാദിനെ പവാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം 25ന് കേരളത്തിലെത്തുന്ന അവാദ് എൻ.സി.പി സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തി പുതിയ അദ്ധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പദവി നഷ്ടപ്പെട്ടതോടെ ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ നിന്നും പി.സി ചാക്കോവിട്ടു നിന്നു. മന്ത്രി ശശീന്ദ്രൻ മാത്രമാണ് ഇന്ന് യോഗത്തില്‍ പങ്കെടുക്കുക.

ചാക്കോ ഇല്ലെങ്കില്‍ സാധാരണ ശശീന്ദ്രനൊപ്പം തോമസ്.കെ.തോമസ് എം.എല്‍.എ, ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം വർക്കല രവികുമാർ എന്നിവരാണ് സാധാരണയായി യോഗത്തില്‍ പങ്കെടുക്കാൻ എത്താറുള്ളത്.

എന്നാല്‍ ഇരുവരും ഇന്ന് പങ്കെടുക്കുന്നില്ല. ചില അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ രവികുമാറും കാവാലം, മുട്ടാർ പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തോമസ്.കെ.തോമസും ഇന്ന് പങ്കെടുക്കുന്നില്ലെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം.

പുതിയ സംസ്ഥാന അദ്ധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്നാണ് തോമസ്.കെ തോമസിന് കിട്ടിയിരിക്കുന്ന നിർദ്ദേശമെന്നും അനൗദ്യോഗിക വിവരമുണ്ട്.

നിലവില്‍ തോമസിനെ അദ്ധ്യക്ഷനാക്കുന്നതില്‍ ചാക്കോ വിമുഖത അറിയിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി ശശീന്ദ്രനടക്കം തോമസിന് പിന്തുണ നല്‍കുന്നതോടെ അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയാണ് ഏറെയുള്ളത്.

പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാർ, സംസ്ഥാന ഉപാദ്ധ്യക്ഷൻമാർ, സംസ്ഥാനത്ത് നിന്നുള്ള ദേശീയ നിർവ്വാഹകസമിതിഅംഗങ്ങള്‍, ജില്ലാ അദ്ധ്യക്ഷൻമാർ തുടങ്ങിയവരുമായി ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായെത്തുന്ന ജിതേന്ദ്ര അവാദ് ആശയവിനിമയം നടത്തിയ ശേഷമെടുക്കുന്ന തീരുമാനം പവാറിനെ അറിയിക്കും. തുടർന്ന് അദ്ദേഹമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.