
സ്വന്തം ലേഖിക
തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും.
പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പി സി ജോര്‍ജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം.
പി സി ജോര്‍ജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു.
ഈ പ്രസംഗം കാണാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് – രണ്ടാണ് നിര്‍ദ്ദേശം നല്‍കിയത്. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി സി ജോര്‍ജ്ജിന്‍റെ അഭിഭാഷകന്‍ വാദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ജനാധിപത്യ മര്യദകള്‍ പാലിക്കാത്ത വ്യക്തിയാണ് പി സി ജോര്‍ജ്ജെന്നും ജാമ്യവ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷന്‍ എതിര്‍ത്തു. വാദങ്ങള്‍ക്കിടെയാണ് പ്രസംഗം നേരിട്ട് കാണാന്‍ കോടതി തീരുമാനിച്ചത്.