പിസി ജോര്‍ജ്ജിനെ മുന്നണിയിലെടുക്കേണ്ട, യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിച്ചാല്‍ മതിയെന്ന് പിജെ ജോസഫ്; പാലായില്‍ ജോസ് കെ മാണിയെങ്കില്‍ എതിരാളിയായ് ഞാന്‍ മത്സരിക്കും, ജോസ് വിഭാഗത്തിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചു തരാം; പിസി ജോര്‍ജ്ജ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പിസി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനം എളുപ്പമല്ലെന്ന സൂചനയുമായി പി ജെ ജോസഫ് രംഗത്ത്. പിസി ജോര്‍ജ്ജും ജനപക്ഷം പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നു എന്ന വാര്‍ത്ത സജീവമായിരിക്കെയാണ് ജനപക്ഷം പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കേണ്ട എന്ന അഭിപ്രായവുമായി പിജെ ജോസഫ് എത്തിയിരിക്കുന്നത്.
പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ലെന്നാണ് പിജെ ജോസഫിന്റെയും കേരളാ കോണ്‍ഗ്രസിന്റേയും നിലപാട്. എന്നാല്‍ യു.ഡി.എഫുമായി സഹകരിച്ചു പോകാനാണ് താല്പര്യമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. പക്ഷേ സഹകരണത്തില്‍ ചില നിബന്ധനകളുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് ജോര്‍ജ്ജ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരുടെയും ഔദാര്യമില്ലാതെ ജനങ്ങളുടെ മാത്രം ഔദാര്യം കൊണ്ട് തങ്ങള്‍ക്ക് കിട്ടിയ സീറ്റാണ് പൂഞ്ഞാര്‍. അത് ആര്‍ക്കും വിട്ട് കൊടുക്കില്ല. എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും അങ്ങനെ മുഴുവന്‍ സംഘടനക്കാരും എതിര്‍ത്തു. എന്നിട്ടും 28,000 വോട്ടിന്റെ ഭൂരിപക്ഷം പൂഞ്ഞാറിലെ ജനങ്ങള്‍ നല്‍കിയാണ് താന്‍ അവിടുത്തെ എംഎല്‍എ. ആയിരിക്കുന്നത്.
ജോസ് വിഭാഗത്തിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ച് തരാം. പാലായില്‍ ജോസ് കെ. മാണി ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി താന്‍ തന്നെ വരുമെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും ജോര്‍ജ് പറഞ്ഞു.
പക്ഷെ തങ്ങളെ സംബന്ധിച്ചിടത്തോളം പാല വളരെ പ്രധാനപ്പെട്ടതാണ്. കാരണം പഴയ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളാണ് പാലാ നിയോജകമണ്ഡലത്തിലുള്ളത്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്ന് എലിക്കുളവും പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്ന് ഒരു പഞ്ചായത്തും വന്നിട്ടുണ്ട്.
പക്ഷേ, കാപ്പന്‍ യു.ഡി.എഫിലേക്ക് വരികയാണെങ്കില്‍ പാലായ്ക്ക് വേണ്ടി തര്‍ക്കം പറയില്ലെന്നും ജോര്‍ജ് പറഞ്ഞു. കാപ്പന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി വരികയും തങ്ങളും യു.ഡി.എഫിന് ഒപ്പമാണെങ്കില്‍ ആ സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിക്കില്ല. പകരം കാഞ്ഞിരപ്പള്ളി സീറ്റ് മതി. കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളില്‍ ഒരെണ്ണം മസ്റ്റാണ്. അതില്‍നിന്ന് വ്യത്യാസം വരുത്താന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ്ജ്് പറഞ്ഞു.