പി.സി.ജോർജും ഒ. രാജഗോപാലും എത്തിയത് കറുപ്പണിഞ്ഞ്; രൂക്ഷമായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ച് സ്പീക്കർ ഇറങ്ങിപ്പോയി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമല വിഷയം സഭയിൽ ഉയർത്തുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് കേൾക്കാൻ കൂടി ക്ഷമ കാണിക്കാതെ കൂകി വിളിച്ചും ബഹളം വെച്ചും പ്രതിപക്ഷം തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്. സർക്കാർ നീതി പാലിക്കുകയെന്ന പ്ലെക്കാർഡുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്.
മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയാൻ തുടങ്ങിയപ്പോൾ തന്നെ മുദ്രാവാക്യം വിളി തുടങ്ങി. പൊലീസ് രാജ് അവസാനിപ്പിക്കണമെന്നും സിപിഐഎം കള്ളക്കളി നിർത്തണമെന്നും പ്രതിപക്ഷം പറഞ്ഞു. ചോദ്യോത്തര വേളയുമായി സഹകരിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു. പ്ലക്കാർഡുമായി സ്പീക്കറുടെ ഡയസിന് മുന്നിലാണ് പ്രതിപക്ഷാംഗങ്ങൾ. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയാണ്. പ്രതിപക്ഷ ബഹളം ഗൗനിക്കാതെ മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ചയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുൾ റസാഖിന് ചരമോപചാരം അർപ്പിക്കുന്നതല്ലാതെ മറ്റു നടപടികൾ ഉണ്ടായിരുന്നില്ല. അതേസമയം സഭയിൽ പിസി ജോർജും ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാലും കറുപ്പണിഞ്ഞാണ് എത്തിയത്. ശബരിമലയെ കലാപഭൂമിയാക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിക്കാനാണ് പിസി ജോർജിന്റെ തീരുമാനം. ഹൈക്കോടതിയുടെ ആയോഗ്യതയെ സുപ്രീംകോടതിയുടെ സ്റ്റേയിലൂടെ മറികടന്ന കെ എം ഷാജിയും സഭയിലെത്തി. കൈയടിയോടെയാണ് ഷാജിയെ പ്രതിപക്ഷം സ്വീകരിച്ചത്. ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് ബഹളം ആരംഭിച്ചത്.