ജലന്ധറിൽ വീണ്ടും കല്ലുകടി; ജപമാല യാത്രയിൽ നിന്നും പി സി ജോർജ്ജ് പുറത്ത്
സ്വന്തം ലേഖകൻ
കോട്ടയം: ജലന്ധർ രൂപത ഞായറാഴ്ച നടത്താനിരിക്കുന്ന ‘ത്യാഗ സഹജന ജപമാല യാത്ര’യിൽ നിന്ന് മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന പി.സി ജോർജ് എം.എൽ.എയെ മാറ്റി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകി കന്യാസ്ത്രീയേയും സഹപ്രവർത്തകരായ കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോർജ് ജലന്ധറിൽ എത്തുന്നതിനെ ഒരു വിഭാഗം വൈദികരും അത്മായരും എതിർത്തതോടെയാണ് മാറ്റാൻ തീരുമാനിച്ചത്. പകരം ഗുഡ്ഗാവ് മലങ്കര രൂപതാധ്യക്ഷൻ മാർ ജേക്കബ് ബർണബാസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
ജോർജ് പരിപാടിക്ക് എത്തുന്ന വിവരം നോട്ടീസ് പുറത്തുവന്നപ്പോഴാണ് ഭൂരിഭാഗം വൈദികരും അത്മായരും അറിഞ്ഞത്. ഇതോടെ ഏതാനും വൈദികർ പരാതിയുമായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് അഗ്നെലോ ഗ്രേഷ്യസിനെ കണ്ട് നിവേദനം സമർപ്പിച്ചു. വൈദികരുടെ ആശങ്ക പരിഗണിച്ച അഡ്മിനിസ്ട്രേറ്റർ മുഖ്യാതിഥിയെ മാറ്റി നിശ്ചയിക്കാൻ സംഘടാകർക്ക് നിർദേശം നൽകുകയായിരുന്നുവെന്നാണ് ജലന്ധറിൽ നിന്നും ലഭിച്ച വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ വൈകിട്ട് അഞ്ചു മണിക്ക് ജലന്ധർ സെന്റ് ജോസഫ് ബോയ്സ് സ്‌കൂളിൽ നിന്നാണ് ജപമാല യാത്ര ആരംഭിക്കുന്നത്. ബിഷപ്പ് ഹൗസ് വരെയാണ് റാലി. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റാലിയിൽ മെഴുകുതിരികളും തെളിച്ച് പങ്കെടുക്കാനാണ് വിശ്വാസികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ ഇടവകകളിൽ നിന്നും വിശ്വാസികൾ എത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ആദ്യം തയ്യാറാക്കിയ നോട്ടീസ് കത്തോലിക്കാ സഭയിൽ ജപമാലയുടെ വണക്കത്തിനായി ഒക്ടോബർ മാസം പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നതാണ്. എല്ലാ ദേവാലയങ്ങളിലും ഇതോടനുബന്ധിച്ച് ജപമാല ചൊല്ലുന്നതും സമാപന നാളുകളിൽ പ്രത്യേക ചടങ്ങുകളും നടത്തുന്നതും പതിവാണ്. എന്നാൽ ജലന്ധറിൽ ഇത്തവണ ത്യാഗ സഹന ജപമാല യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായ സാഹചര്യത്തിലാണ് ‘ത്യാഗ സഹന’ റാലിയാക്കി മാറ്റിയത്.