ആന്റോ ആന്റണിയെ തോൽപ്പിക്കാൻ പി.സി ജോർജിനെ പത്തനംതിട്ടയിൽ ഇറക്കുന്നത് ആര്: ജനപക്ഷത്തിന്റെ പിന്നിൽ നിന്ന് കോൺഗ്രസിന്റെ ചരട് വലി; പി.സിയെ കളത്തിലിറക്കി ആന്റോയെയും കേരള കോൺഗ്രസിനെയും വീഴ്ത്താൻ കളിക്കുന്നത് തലമൂത്ത നേതാവ്

ആന്റോ ആന്റണിയെ തോൽപ്പിക്കാൻ പി.സി ജോർജിനെ പത്തനംതിട്ടയിൽ ഇറക്കുന്നത് ആര്: ജനപക്ഷത്തിന്റെ പിന്നിൽ നിന്ന് കോൺഗ്രസിന്റെ ചരട് വലി; പി.സിയെ കളത്തിലിറക്കി ആന്റോയെയും കേരള കോൺഗ്രസിനെയും വീഴ്ത്താൻ കളിക്കുന്നത് തലമൂത്ത നേതാവ്

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: ആന്റോ ആന്റണി എംപിയെയും കോട്ടയത്തെ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെയും പരാജയപ്പെടുത്താൻ സാക്ഷാൽ പി.സി ജോർജിനെ കളത്തിലിറക്കിയത് കോൺഗ്രസിലെ തലമുതിർന്ന നേതാവെന്ന് സൂചന. പത്തനംതിട്ടയിൽ ആന്റോ ആന്റണിയുമായി നേരിട്ട് പോരിനിറങ്ങിയ ജനപക്ഷം കോൺഗ്രസിനെ തറപറ്റിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. കോട്ടയത്ത് ഷോൺ ജോർജിനെയും, പത്തനംതിട്ടയിൽ സാക്ഷാൽ പി.സി ജോർജും തന്നെ മത്സര രംഗത്ത് ഇറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. 
ബുധനാഴ്ച കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി.സി ജോർജിന്റെ ജനപക്ഷം പാർട്ടി ഇരുപത് സീറ്റിലും മത്സരിക്കാൻ തീരുമാനിച്ചത്. ഇരുപത് സീറ്റിലും മത്സരിക്കുമെന്നു പ്രഖ്യാപിച്ചപ്പോൾ തന്നെ ജോർജിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിൽ മത്സരിക്കുക തന്നെയാണ് ജോർജ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതും. കഴിഞ്ഞ തവണ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തും പി.സി ജോർജും ആന്റോ ആന്റണിയും തമ്മിൽ ഉടക്കിൽ തന്നെയായിരുന്നു. പി.സി ജോർജിനെതിരെ ആന്റോ ആന്റണി പരസ്യമായി തന്നെ യുഡിഎഫ് നേതൃത്വത്തിന് പരാതി അടക്കം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ താൻ തന്നെ ആന്റോയ്‌ക്കെതിരെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി പി.സി ജോർജ് രംഗത്ത് എത്തിയിരിക്കുന്നത്. 
ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും, മുൻ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാണ് ആന്റോ ആന്റണി. ആന്റോ മത്സരിക്കാൻ ഇറങ്ങുന്നതിനെതിരെ പത്തനംതിട്ടയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. ആന്റോയ്‌ക്കെതിരെ ഇവർ തന്നെയാണ് കരുക്കൽ നീക്കിയതും. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി പി.സി ജോർജ് ജനപക്ഷത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്. പത്തനംതിട്ടയിൽ ആന്റോയെ പരാജയപ്പെടുത്തുക എന്നത് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിലെ തലമുതിർന്ന ഈ നേതാവ് തന്നെ ഇടപെട്ട് പി.സിയെ സ്്ഥാനാർത്ഥിയാക്കിയതും ആന്റോയെ പരാജയപ്പെടുത്താൻ തന്ത്രങ്ങൾ അണിയറയിൽ ഒരുക്കിയിരിക്കുന്നതും. 
പി.ജെ ജോസഫ് കോട്ടയത്ത് സ്ഥാനാർത്ഥിയായാൽ പിൻതുണയ്ക്കുമെന്ന പ്രഖ്യാപനത്തിലൂടെ കേരള കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ഗ്രൂപ്പ് യുദ്ധം ശക്തമാക്കുകയുമാണ് ഇപ്പോൾ പി.സി ജോർജ് ചെയ്യുന്നത്. കേരള കോൺഗ്രസിനുള്ളിൽ അതിരൂക്ഷമായ ആശയക്കുഴപ്പമാണ് ഇപ്പോൾ നിലനിൽക്കുന്നത്. രണ്ട് സീറ്റ് കേരള കോൺഗ്രസിന് കോൺഗ്രസ് വിട്ടു നൽകില്ലെന്ന് ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പി.ജെ ജോസഫിന് കോട്ടയം സീറ്റ് നൽകേണ്ടി വരുമെന്നതാണ് കേരള കോൺഗ്രസിലെ പ്രശ്‌നം. മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ പി.സി ജോർജിന്റെ വെല്ലുവിളിയെ അതിജീവിക്കേണ്ടിയും വരും. ഈ സാഹചര്യത്തിൽ കടുത്ത സമ്മർദത്തിലാണ് കേരള കോൺഗ്രസ് നേതൃത്വം. 
കോൺഗ്രസുമായി സഹകരിക്കാൻ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവർ മറുപടി നൽകാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് പിസി ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. സ്ഥാനാർത്ഥി നിർണയത്തിന്  എസ് ഭാസ്‌കരപിള്ള, കെ ഹസൻകുട്ടി, അഡ്വ ഷൈജോ ഹസൻ, പ്രൊഫ സെബാസ്റ്റ്യൻ, ഉമ്മച്ചൻ കൂറ്റനാൽ, ജോസ് കോലടി, എം എൻ സരുരേന്ദ്രൻ, കെ കെ ചെറിയാൻ നിഷ എംഎസ്് എന്നിവർ അടങ്ങുന്ന ഒൻപത് അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.