പോ മോനെ പി.സി ഡൽഹിയ്ക്ക്..! ആക്രി പെറുക്കുകാരന്റെ 515 രൂപയുടെ മണി ഓർഡർ പി.സി ജോർജിന്; തുക അയച്ചു നൽകിയത് ഡൽഹി യാത്രയ്ക്ക് വേണ്ടി

പോ മോനെ പി.സി ഡൽഹിയ്ക്ക്..! ആക്രി പെറുക്കുകാരന്റെ 515 രൂപയുടെ മണി ഓർഡർ പി.സി ജോർജിന്; തുക അയച്ചു നൽകിയത് ഡൽഹി യാത്രയ്ക്ക് വേണ്ടി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ അപമാനിച്ച പി.സി ജോർജ് എം.എൽ.എയ്ക്ക് ഡൽഹിയിൽ കേന്ദ്ര വനിതാ കമ്മിഷനു മുന്നിൽ ഹാജരാകുന്നതിനുള്ള ട്രെയിൻ ടിക്കറ്റ് തുക മണി ഓർഡറായി അയച്ചു നൽകി നഗരത്തിലെ ആക്രി പെറുക്കുകാരൻ. ആക്രി പെറുക്കുകാരനും തമിഴ്‌നാട് സ്വദേശിയുമായ വേലുപ്പാണ്ടിയാണ്, കോട്ടയത്തു നിന്നും ഡൽഹി വരെ കേരള എക്‌സ്പ്രസിന്റെ ജനറൽ കംമ്പാർട്ട്‌മെന്റിന്റെ ടിക്കറ്റ് നിരക്കായ 515 രൂപ മണി ഓർഡറായി പി.സി ജോർജിന് അയച്ചു നൽകിയത്. ഡൽഹിയിൽ ഹാജരാകാൻ ദേശീയ വനിതാ കമ്മിഷൻ യാത്രാ ചിലവ് നൽകിയാൽ എത്താമെന്നായിരുന്നു പി.സി ജോർജിന്റെ വാക്കുകൾ. ഇത് കേട്ടതോടെയാണ് വേലുപ്പാണ്ടി ജോർജിനു ടിക്കറ്റ് നിരക്ക് മണി ഓർഡറായി അയച്ചു നൽകാൻ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പത്തു മണിയോടെ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിലെത്തി വേലുപ്പാണ്ടി മണി ഓർഡർ അയച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയെ പൊതുവേദിയിൽ വേശ്യയെന്നു വിളിച്ച് പി.സി ജോർജ് എം.എൽ.എ അപമാനിച്ചത്. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ ഉയർത്തിയ ആരോപണം പിന്നീട് പല വേദികളിൽ ജോർജ് ആവർത്തിച്ചു. ഇതിനെതിരെയാണ് ദേശിയ വനിതാ കമ്മിഷൻ പരാതി സ്വയം സ്വീകരിച്ച് കേസെടുത്തത്. സെപ്റ്റംബർ 20 നു ഡൽഹിയിൽ കമ്മിഷനു മുന്നിൽ ഹാജരാകണമെന്നു നോട്ടീസും നൽകിയിരുന്നു. എന്നാൽ, കമ്മിഷൻ യാത്രാചിലവ് അയച്ചു നൽകിയാൽ ഡൽഹിയിൽ ഹാജരാകാമെന്ന നിലപാടാണ് ജോർജ് വിഷയത്തിൽ സ്വീകരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് എഴുതി നൽകിയാൽ യാത്ര ചിലവ് നൽകാമെന്ന് കമ്മിഷനും തിരിച്ചടിച്ചിരുന്നു.
ജോർജിന്റെയും കേന്ദ്ര വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ്മയുടെയും വാക്ക്പയറ്റ് കഴിഞ്ഞ ദിവസം
വേലുപാണ്ടി , നഗരത്തിലെ കച്ചവട സ്ഥാപനത്തിലെ ടെലിവിഷനിൽ വാർത്തയ്ക്കിടെയാണ് കണ്ടത്. ഇതോടെ വിഷയത്തെപ്പറ്റി തിരക്കിയ
വേലുപാണ്ടി ജോർജിനു പണം അയച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. പൊതുജനത്തിന്റെ പ്രതിഷേധമെന്ന രീതിയിലാണ് താൻ വിഷയത്തെ സമീപിച്ചതെന്നും, പ്രശ്‌സ്തിയ്ക്ക് താല്പര്യമില്ലെന്നും വേലുപാണ്ടി തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ചിത്രമെടുക്കാൻ തേർഡ് ഐ ന്യൂസ് ലൈവ് പ്രതിനിധികൾ ശ്രമിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞുമാറി. മണി ഓർഡറിന്റെ കൗണ്ടർ ഫോയിൽ നൽകിയ ശേഷം ഇയാൾ തന്റെ ജോലിയിൽ മുഴുകുകയായിരുന്നു. കഴിഞ്ഞ ദിവസം റെയിൽവേ സ്‌റ്റേഷനിൽ എത്തി ടിക്കറ്റ് നിരക്ക് തിരക്കിയ ശേഷമാണ് ജനറൾ കമ്പാർട്ട്‌മെന്റിന്റെ തുകയായ 515 രൂപ വേലുപാണ്ടി , മണി ഓർഡറായി അയച്ചത്.
പി.സി ജോർജിനെതിരെ വേലുപാണ്ടി യുടെ പ്രതിഷേധത്തെപ്പറ്റിയുള്ള വിവരം കേട്ടറിഞ്ഞ് നിരവധി ആളുകൾ പോസ്റ്റ് ഓഫിസിൽ എത്തി മണി ഓർഡർ അയച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നടക്കുന്ന – വായ് മൂടെടാ പി.സി – ക്യാമ്പെയിന്റെ ഭാഗമായി നിരവധി ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. മണി ഓർഡർ പ്രതിഷേധവും വരും ദിവസങ്ങളിൽ വൈറലായി മാറുമെന്നാണ് സൂചന.