പഴയ സ്മാർട്ട് ഫോണും ലാപ് ടോപ്പും ഉപയോഗശൂന്യമായി എന്നു കരുതി വലിച്ചെറിയരുത്: അതിൽ സ്വർണത്തേക്കാൾ വിലയുള്ള നിധി ഒളിച്ചിരിപ്പുണ്ട്

Spread the love

തിരുവനന്തപുരം:നമ്മുടെ വീടുകളിലെ അലമാരകളിലും സ്റ്റോർ റൂമുകളിലും ഉപയോഗശൂന്യമായി കിടക്കുന്ന പഴയ സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും വെറും ഇലക്‌ട്രോണിക് മാലിന്യങ്ങളാണെന്ന് കരുതിയാല്‍ നമുക്ക് തെറ്റി.

video
play-sharp-fill

ശാസ്ത്രീയമായി നോക്കുമ്പോള്‍, ഇവ ആധുനിക സാങ്കേതികവിദ്യയുടെയും പ്രതിരോധ മേഖലയുടെയും നിലനില്‍പ്പിന് ആധാരമായ അത്യപൂർവ്വ ലോഹങ്ങളുടെ (Rare-Earth Elements) വലിയൊരു ശേഖരമാണ്. സ്മാർട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ അടങ്ങിയിരിക്കുന്ന റെയർ-എർത്ത് മാഗ്നറ്റുകള്‍ (Rare-Earth Magnets) ഇന്ന് സ്വർണ്ണത്തേക്കാളും വിലപിടിപ്പുള്ള വിഭവങ്ങളായി മാറിക്കഴിഞ്ഞു.

എന്താണ് റെയർ-എർത്ത് മാഗ്നറ്റുകള്‍?
നിയോഡിമിയം (Neodymium), സാമാരിയം (Samarium), ഡിസ്പ്രോസിയം തുടങ്ങിയ അപൂർവ്വ മൂലകങ്ങള്‍ ഉപയോഗിച്ചാണ് ഈ കാന്തങ്ങള്‍ നിർമ്മിക്കുന്നത്. സാധാരണ ഇരുമ്പ് കാന്തങ്ങളെ അപേക്ഷിച്ച്‌ വലിപ്പം വളരെ കുറവാണെങ്കിലും ഇവയ്ക്ക് അതിശക്തമായ കാന്തികബലമുണ്ട്. അതുകൊണ്ടാണ് സ്മാർട്ട്‌ഫോണുകള്‍ ഇത്ര ചെറുതാക്കാനും എന്നാല്‍ അവയ്ക്ക് ഉയർന്ന പ്രകടനം കാഴ്ചവെക്കാനും സാധിക്കുന്നത്. യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, ഇലക്‌ട്രിക് വാഹനങ്ങളുടെ (EV) മോട്ടോറുകള്‍, കാറ്റാടി യന്ത്രങ്ങള്‍ (Wind Turbines) എന്നിവയുടെ നിർമ്മാണത്തില്‍ ഈ കാന്തങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ-മാലിന്യത്തിലെ നിധി
ഭൂമിയില്‍ നിന്ന് നേരിട്ട് ഖനനം ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് പഴയ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള ലോഹ വേർതിരിച്ചെടുക്കല്‍. ഉദാഹരണത്തിന്, ഒരു ടണ്‍ കോബാള്‍ട്ട് ഖനിയില്‍ നിന്ന് വെറും ഒന്ന് മുതല്‍ രണ്ട് കിലോ വരെ കോബാള്‍ട്ട് മാത്രം ലഭിക്കുമ്പോള്‍, റീസൈക്കിള്‍ ചെയ്ത ഒരു ടണ്‍ ബാറ്ററി മെറ്റീരിയലില്‍ നിന്ന് 50 മുതല്‍ 80 കിലോ വരെ കോബാള്‍ട്ട് ലഭ്യമാണ്. അതായത് ഏകദേശം 40 മടങ്ങ് കൂടുതല്‍ വിഭവങ്ങള്‍ ഇ-മാലിന്യങ്ങളില്‍ നിന്ന് ലഭിക്കും. ഇന്ത്യൻ ലാബുകളില്‍ വികസിപ്പിച്ചെടുത്ത ‘ആറ്റോമിക് റീസെറ്റ്’ (Atomic Reset) പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ 900 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഈ കാന്തങ്ങളെ 99.9 ശതമാനം ശുദ്ധിയില്‍ വീണ്ടെടുക്കാൻ സാധിക്കും.

ഇന്ത്യയുടെ പ്രാധാന്യവും ചൈനയുടെ മേധാവിത്വവും
നിലവില്‍ ലോകത്തിലെ റെയർ-എർത്ത് മിനറലുകളുടെ 90 ശതമാനവും ശുദ്ധീകരിക്കുന്നത് ചൈനയാണ്. ഇത് ആഗോള തലത്തില്‍ ചൈനയ്ക്ക് വലിയൊരു മേധാവിത്വം നല്‍കുന്നു. ഇന്ത്യയ്ക്ക് കേരളത്തിലെയും ഒഡീഷയിലെയും തീരങ്ങളില്‍ മോണസൈറ്റ് മണല്‍ നിക്ഷേപം ഉണ്ടെങ്കിലും, അവ നേരിട്ട് ശുദ്ധീകരിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് കാരണം അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുകയും പകരം വിലകൂടിയ കാന്തങ്ങള്‍ ഇറക്കുമതി ചെയ്യുകയുമാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍, രാജ്യത്തെ ഇ-മാലിന്യങ്ങളില്‍ നിന്ന് അപൂർവ്വ ലോഹങ്ങള്‍ വേർതിരിച്ചെടുക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
പഴയ സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും വലിച്ചെറിയാതെ കൃത്യമായി റീസൈക്ലിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിലൂടെ വലിയൊരു പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാൻ സാധിക്കും. ഓരോ പഴയ ഫോണും ഭാവിക്കാവശ്യമായ ധാതു നിക്ഷേപമാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.