
കോട്ടയം: നല്ല സ്വാദൂറും പഴം പ്രഥമൻ ഉണ്ടാക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കിടിലൻ സ്വാദില്‍ തയ്യാറാക്കിയെടുക്കാവുന്ന ഒരു പ്രഥമൻ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
ഏത്തപ്പഴം ഒരു കിലോ
ശർക്കര മുക്കാല്‍ കിലോ മുതല്‍ ഒരു കിലോ വരെ (മധുരത്തിനനുസരിച്ച്)
അര ഗ്ലാസ് വെള്ളം
നെയ്യ് രണ്ടു ടേബിള്‍ സ്പൂണ്‍
തേങ്ങാ വലുത് മൂന്നെണ്ണം . ചെറുതാണെങ്കില്‍ നാലെണ്ണം
ഒരു ചെറിയ കൊപ്ര ചെറുതായി ഖനം കുറച്ചു നുറുക്കിയത്
കശുവണ്ടി 10-12 എണ്ണം
ജീരകം 1 1/2 ടീസ്പൂണ്‍
ഏലയ്ക്ക – 8 എണ്ണം
ചുക്കുപൊടി – 1 /4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏത്തപ്പഴം ആവിയില്‍ പുഴുങ്ങിയെടുത്തു , മിക്സിയില്‍ നന്നായി അരച്ചെടുക്കുക. തേങ്ങാ ചിരകിയതില്‍ വെള്ളം ചേർത്ത് മിക്സിയില്‍ അരച്ച്, തുണിയില്‍ ഇട്ടു പിഴിഞ്ഞ് പാലെടുത്ത വയ്ക്കുക. ജീരകവും ഏലക്കയും അടുപ്പിനു അരികിലോ വെയിലത്തോ വച്ച് അല്പം ചൂടാകുമ്പോള്‍ മിക്സിയില്‍ നന്നായി പൊടിച്ചെടുക്കുക. ശർക്കര പൊടിച്ചു, അതിലേക്കു അര ഗ്ലാസ് വെള്ളമൊഴിച്ചു ചൂടാക്കി ഉരുക്കിയെടുത്തു ഒരു അരിപ്പയിലൂടെ അരിച്ചെടുത്തു വയ്ക്കുക.
അടി കട്ടിയുള്ള പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ചു അരച്ച ഏത്തപ്പഴം ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് ഇളക്കുക. ഇനി ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർത്ത് ഇളക്കാം. ശർക്കര വെള്ളം അല്പം വറ്റി കുറുകി വരുമ്പോള്‍ , ഇതിലേക്ക് തേങ്ങാപ്പാലിന്റെ മുക്കാല്‍ ഭാഗവും ചേർത്ത് ഇളക്കി കൊടുക്കാം. പാത്രത്തിന്റെ അടിയില്‍ കരിഞ്ഞു പിടിക്കാതിരിക്കാൻ അടിച്ചേർത്തു ഇളക്കി കൊണ്ടിരിക്കണം.
പായസപ്പരുവത്തിലേക്ക് കുറുകി പാകമായാല്‍ ബാക്കി ഇരിക്കുന്ന കാല്‍ ഭാഗം പാല്‍ കൂടി ചേർത്ത് ഇളക്കുക. ഒരു തിള വന്നാല്‍ ഉടനെ തീ കെടുത്താം. ഇനി പൊടിച്ചു വച്ചിരിക്കുന്ന ജീരകവും ഏലക്കയും ചുക്കും ചേർത്ത് ഇളക്കി യോജിപ്പിച്ചു പാത്രം അടച്ചു വയ്ക്കാം. ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യെടുത്ത അതില്‍ നുറുക്കിവച്ചിരിക്കുന്ന കൊപ്ര വറുത്തെടുക്കാം. കശുവണ്ടിയും നെയ്യില്‍ വറുത്തെടുക്കാം. ഇത് രണ്ടും പായസത്തില്‍ ചേർത്ത് ഇളക്കി എടുക്കുക. അര മണിക്കൂർ കഴിഞ്ഞു പായസം വിളമ്പാം.