പയ്യോളി മനോജ് വധം : സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവർക്കെതിരെ കുറ്റപത്രം
സ്വന്തം ലേഖിക
കൊച്ചി : ബി.എം.എസ് നേതാവായിരുന്ന പയ്യോളി താരേമ്മൽ വീട്ടിൽ സി.ടി. മനോജിനെ (35) വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം പയ്യോളി ഏരിയാ സെക്രട്ടറി കിഴൂർ വള്ളുപറമ്പിൽ ടി. ചന്ദു മാസ്റ്റർ (74), പയ്യോളി ലോക്കൽ സെക്രട്ടറി കീഴൂർ പുതിയവീട്ടിൽ പി.വി. രാമചന്ദ്രൻ (60) ഉൾപ്പെടെ 27 പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം നൽകി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി അനന്തകൃഷ്ണൻ എറണാകുളം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഒന്നും രണ്ടും പ്രതികളാക്കിയ അജിത്കുമാർ, ചൊറിഞ്ചാൽ ജിതേഷ് എന്നിവരെ സി.ബി.ഐ ഈ കേസിൽ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്. കേസന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്ന ശുപാർശയും സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം ഇനിയും കോടതി സ്വീകരിച്ചിട്ടില്ലാത്തതിനാൽ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുറ്റപത്രത്തിലെ വസ്തുതകൾ പരിശോധിച്ചശേഷമാണ് കോടതി കുറ്റപത്രം സ്വീകരിക്കണോ മടക്കി നൽകണോയെന്ന കാര്യം തീരുമാനിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പയ്യോളി മനോജ് വധക്കേസ്
2012 ഫെബ്രുവരി 12 നാണ് ബി.എം.എസ് യൂണിറ്റ് സെക്രട്ടറിയായ പയ്യോളി മനോജിനെ ഒരു സംഘം വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ മനോജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സി.ഐ.ടി.യു പ്രവർത്തകനായ കുര്യാടി ബാബുവിനെ വെട്ടിയതിനു പ്രതികാരം ചെയ്യാൻ സി.പി.എം പ്രവർത്തകർ പയ്യോളി മനോജിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം കേസ് അന്വേഷിച്ച പൊലീസ് പി.വി. രാമചന്ദ്രൻ ഉൾപ്പെടെ 15 പേരെ പ്രതികളാക്കി. എന്നാൽ വിചാരണ തുടങ്ങാനിരിക്കെ തങ്ങളല്ല പ്രതികളെന്നും പാർട്ടിയും പൊലീസും ചേർന്ന് തങ്ങളെ പ്രതികളാക്കിയതാണെന്നും നാലു പ്രതികൾ വെളിപ്പെടുത്തി. ഇതോടെ കേസ് വിവാദമായി. തുടർന്ന് കേസിന്റെ ഗൂഢാലോചനയിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മനോജിന്റെ അമ്മയും ഭാര്യയും നൽകിയ പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് മനോജിന്റെ സുഹൃത്തും പൊതുപ്രവർത്തകനുമായ സാജിദ് നൽകിയ ഹർജിയിൽ ഹൈക്കോടതി അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു. തുടർന്നാണ് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം ഏറ്റെടുത്തത്.