
എന്നും ഇടതുപക്ഷത്തെ മാത്രം വിജയിപ്പിച്ച കണ്ണൂർ ജില്ലയിലെ പാർട്ടി കോട്ടയാണ് പയ്യന്നൂർ നിയോജക മണ്ഡലം. പിണറായി വിജയൻ മുതല്‍ പികെ ശ്രീമതി ടീച്ചറെ വരെ കൈവിടാതെ നെഞ്ചേറ്റിയ മണ്ഡലം. എന്നാല്‍ മുൻ എംഎല്‍എ ടിഐ മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതോടെ മണ്ഡലത്തിന്റെ ഭാവം മാറി. പിന്നാലെ ആരോപണം ഉന്നയിച്ച പാർട്ടിയുടെ മുൻ എരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ വിമതനായി മത്സരിക്കുന്നതോടെ പയ്യന്നൂർ നിയോജക മണ്ഡലം ചർച്ചയായി മാറിയിരിക്കുകയാണ്.
പയ്യന്നൂർ നിയോജക മണ്ഡലത്തില്‍ സിപിഎമ്മിൻ്റെ ഭൂരിപക്ഷം ഓരോ തെരഞ്ഞെടുപ്പിനും കൂടിയിട്ടേ ഉളളൂ. എന്നാല്‍ ഇപ്പോഴത്തെ കലുക്ഷിത അവസ്ഥയില്‍ എന്താകും അവസ്ഥയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വി കുഞ്ഞികൃഷ്ണന് വെള്ളൂർ, കോറോം കരിവെള്ളൂർ, പെരിങ്ങോം അടക്കമുള്ള സ്ഥലങ്ങളില്‍ നല്ല പിന്തുണയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. പയ്യന്നൂർ നിയമസഭ, ചെറുപുഴ പഞ്ചായത്ത്, പെരിങ്ങോം-വയക്കര പഞ്ചായത്ത്, കാങ്കോല്‍- ആലപ്പടമ്പ പഞ്ചായത്ത്, കരിവെള്ളൂർ- പെരളം പഞ്ചായത്ത്, എരമം- കുറ്റൂർ പഞ്ചായത്ത്, രാമന്തളി പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്നതാണ് പയ്യന്നൂർ നിയോജക മണ്ഡലം.
പയ്യന്നൂരിലെ മുതിർന്ന സിപിഎം നേതാവായിരുന്ന വി കുഞ്ഞികൃഷ്ണൻ പയ്യന്നൂരില്‍ വിമതനായി മത്സരിക്കുന്നതിലൂടെ സിപിഎമ്മിൻ്റെ ഉറച്ച കോട്ടയില്‍ ചെറിയ തോതില്‍ എങ്കിലും വിള്ളല്‍ വീഴുമെന്നു തന്നെയാണ് കുഞ്ഞികൃഷ്ണൻ അനുകൂലികള്‍ കരുതുന്നത്. സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പയ്യന്നൂർ ഏരിയ കമ്മറ്റിയിലും ഏരിയ നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുൻ എംഎല്‍എ സി കൃഷ്ണനടക്കം ടിഐ മധുസൂദനൻ്റെ സ്ഥാനാർഥിത്വത്തില്‍ പ്രതിഷേധം ഉണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പയ്യന്നൂര്‍ സീറ്റ് കോണ്‍ഗ്രസ് ആര്സ്പിഎയ്ക്ക് വിട്ടുനല്‍കിയിരുന്നു. ആർഎസ്പിയാണെങ്കില് വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കണമെന്ന നിലപാടിലാണ്. അങ്ങിനെയാണെങ്കില്‍ കോണ്‍ഗ്രസിൻ്റെ വോട്ടും സിപിഎം അനുഭാവികളിലെ തന്നെ കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ വോട്ടും ബിജെപിയുടെ ചെറിയ ശതമാനം മറിയുകയും ചെയ്താല്‍ ടിഐ മധുസൂദനനും വി കുഞ്ഞികൃഷ്ണനും തമ്മിലുള്ള തീപാറുന്ന പോരാട്ടം തന്നെ പയ്യന്നൂരില്‍ കാണാൻ സാധിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ സിപിഎം സ്ഥാനാർഥിയായിരുന്ന ടിഐ മധുസൂദനൻ 49780 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പയ്യന്നൂർ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനാർഥിയായി ടിഐ മധുസൂദനൻ മാറുകയായിരുന്നു. ടിഐ മധുസൂദനൻ 93,695 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിലെ എം പ്രദീപ് കുമാർ 43,915 വോട്ടാണ് നേടിയത്. ബിജെപിക്കുവേണ്ടി രംഗത്ത് ഇറങ്ങിയ അഡ്വ. കെകെ ശ്രീധരൻ 11,308 വോട്ടുകളാണ് നേടിയത്. നോട്ടയ്ക്ക് 686 വോട്ടുകളും കിട്ടി. അതേസമയം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്ന അഭിലാഷ് കെവിക്ക് നോട്ടയേക്കാള്‍ കുറവായിരുന്നു വോട്ട്.
2016 ല്‍ 40263 വോട്ടിനാണ് സിപിഎം സ്ഥാനാർഥിയായിരുന്ന സി കൃഷ്ണൻ പയ്യന്നൂർ നിയോജക മണ്ഡലത്തില്‍നിന്നും ജയിച്ചത്. സി കൃഷ്ണന്റെ രണ്ടാം ടേം ആയിരുന്നു ഇത്. 2016ല്‍ സി കൃഷ്ണന്റെ സ്ഥാനാർഥിത്വത്തിലും ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ടിഐ മധുസൂദനനെ സ്ഥാനാർഥിയായി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ്, അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നത്. പിന്നീട് ഏരിയയിലെ മുഴുവൻ പാർട്ടി മെമ്പർമാരുടെയും യോഗം അന്നത്തെ ജില്ല സെക്രട്ടറി പി ജയരാജൻ്റെ നേതൃത്വത്തില്‍ വിളിക്കുകയും സി കൃഷ്ണൻ തന്നെ രണ്ടാം ടേമിലും മത്സരിക്കണം എന്ന് തീരുമാനിക്കുകയുമായിരുന്നു.
2011ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ സി കൃഷ്ണൻ കോണ്‍ഗ്രസ് ഐയുടെ കെ ബ്രിജേഷ് കുമാറിനെയായിരുന്നു പരാജയപ്പെടുത്തിയത്. 45992 വോട്ടുകളായിരുന്നു കെ ബ്രിജേഷ് കുമാറിന് ലഭിച്ചത്. 78116 വോട്ടുകള്‍ നേടിയാണ് സി കൃഷ്ണൻ നിയമസഭയില്‍ എത്തിയത്. മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം 158613 ആയിരുന്നു, പോള്‍ ചെയ്തത് 130722ഉം.
2001ലും 2006ലും പികെ ശ്രീമതി ടീച്ചറായിരുന്നു സിപിഎമ്മിന്റെ സ്ഥാനാർഥി. 2001ല്‍ 73233 വോട്ടുകള്‍ നേടിയാണ് പികെ ശ്രീമതി പയ്യന്നൂരില്‍നിന്നും വിജയിച്ചു കയറിയത്. കോണ്‍ഗ്രസിന്റെ എം നാരായണൻകുട്ടിക്ക് 50495 വോട്ടുകളായിരുന്നു നേടാൻ കഴിഞ്ഞത്. 2006 ല്‍ 76974 വോട്ടുകള്‍ പികെ ശ്രീമതിക്ക് നേടാൻ കഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും സിപിഎം സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ട് കൂടുന്നതോ അല്ലെങ്കില്‍ ചെറിയ വ്യത്യാസത്തില്‍ വോട്ട് നിലനിർത്തുന്നതോ ആണ് കാണാൻ സാധിക്കുക.



