പയ്യാമ്പലത്തെ മണല്‍ത്തരികള്‍ സാക്ഷി, അച്ഛനും മകനും ഒരു നാടിനെയാകെ കരയിച്ച് ചിതയിലമര്‍ന്നു; നീന്തല്‍ പരിശീലനത്തിനിടെ മുങ്ങി മരിച്ച അച്ഛനും മകനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി നൽകി നാട്
സ്വന്തം ലേഖകൻ
ഏച്ചൂര്‍: നീന്തല്‍ പരിശീലനത്തിനിടെ മുങ്ങി മരിച്ച ചേലോറ സ്കൂളിന് സമീപം ‘ചന്ദ്രകാന്തം’ ഹൗസില്‍ ഷാജിയുടെയും മകന് കെ.വി. ജ്യോതിരാദിത്യന്റെയും(16) കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും നാടിന്റെയും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലികളോടെ പയ്യാമ്പലത്ത് സംസ്കരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടോടെ പന്നിയോട്ട് തറവാട്ട് വീട്ടിലാണ് ആദ്യം പൊതുദര്‍ശനത്തിനുവെച്ചത്. ഷാജിയുടെ അമ്മ കമലാക്ഷിയടക്കം ഉറ്റവര്‍ വിട ചൊല്ലാന്‍ എത്തിയ നിമിഷം കൂടിനിന്നവരെല്ലാവരെയും ദുഃഖത്തിലാഴ്ത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഇരുവരുടെയും ഭൗതിക ശരീരവും വഹിച്ച് ആബുംലന്‍സുകള്‍ ഏച്ചൂരിലേക്ക് പുറപ്പെട്ടപ്പോള്‍ അത് വിലാപയാത്രയായി മാറി. ഏച്ചൂര്‍ ബാങ്കിന് മുന്‍വശം റോഡിന് ഇരുവശത്തായി പ്രിയപ്പെട്ടവരെ കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ആയിരങ്ങള്‍ കാത്തുനിന്നു. ഏച്ചൂരിലെ പൊതുദര്‍ശനത്തിന് ചേലോറയിലെ സ്വന്തം വസതിയായ ചന്ദ്രകാന്തത്തില്‍ എത്തിയപ്പോള്‍ കണ്ടു നിന്നവര്‍ക്ക് കരളലിയിക്കുന്ന കാഴ്ച്ചയായിരുന്നു.
ഭര്‍ത്താവിന്റെ മകന്റെയും മൃതദേഹത്തില്‍ അന്ത്യചുംബനം നല്കാന് ഷാജിയുടെ ഭാര്യ ഷംനയും ഇളയ മകന് ജഗത് വിഖ്യാതും എത്തിയപ്പോള്‍ ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനാവാത്ത അവസ്ഥയിലായി.
ചേലോറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം പയ്യാമ്ബലത്ത് ഇരുവരുടെയും ചിതക്ക് ഷാജിയുടെ ഇളയ മകന് ജഗത് വിഖ്യാത് തീ കൊളുത്തി.
രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്, ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടി.ഒ. മോഹനന്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങി നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആദരസൂചകമായി ഏച്ചൂരില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.