കോട്ടയം പൂവൻതുരുത്തിൽ പായിപ്പാട് മോഡൽ സമരത്തിന് ഒരുങ്ങി അതിഥി തൊഴിലാളികൾ: തെരുവിലിറങ്ങിയ തൊഴിലാളികളെ പൊലീസ് തുരത്തിയോടിച്ചു; പൂവൻതുരുത്തിൽ പൊലീസിന്റെ റൂട്ട് മാർച്ച്

കോട്ടയം പൂവൻതുരുത്തിൽ പായിപ്പാട് മോഡൽ സമരത്തിന് ഒരുങ്ങി അതിഥി തൊഴിലാളികൾ: തെരുവിലിറങ്ങിയ തൊഴിലാളികളെ പൊലീസ് തുരത്തിയോടിച്ചു; പൂവൻതുരുത്തിൽ പൊലീസിന്റെ റൂട്ട് മാർച്ച്

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൂവൻതുരുത്തിൽ പായിപ്പാട് മോഡൽ സമരത്തിനായി അതിഥി തൊഴിലാളികൾ രംഗത്തിറങ്ങി. ട്രെയിൻ ബുക്കിംങ് ആരംഭിച്ചതായും, നാട്ടിലേയ്ക്കു പോകണമെന്നും ആവശ്യപ്പെട്ടാണ് അതിഥി തൊഴിലാളികൾ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പൂവൻതുരുത്തിൽ റോഡിലിറങ്ങിയത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗം വിവരമറിഞ്ഞ് കൃത്യസമയത്ത് ഇടപെട്ടതോടെയാണ് അതിഥി തൊഴിലാളികൾ മുറിയിലേയ്ക്കു മടങ്ങിയത്. ഇതേ തുടർന്നു പൊലീസ് സ്ഥലത്ത് റൂട്ടമാർച്ചും നടത്തി.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നൂറോളം വരുന്ന അതിഥി തൊഴിലാളികൾ സംഘടിച്ച് റോഡിലിറങ്ങിയത്. നാട്ടിലേയ്ക്കു പോകാനുള്ള ട്രെയിൻ ബുക്കിംങ് ആരംഭിച്ചതായി പ്രചാരണം നടന്നതിനു പിന്നാലെയാണ് നൂറിലേറെ അതിഥി തൊഴിലാളികൾ രംഗത്ത് ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂവൻതുരുത്ത് വ്യവസായ മേഖലയിലെ അഞ്ഞൂറോളം വരുന്ന ചെറുകിട – ഇടത്തരം കമ്പനികളിലായി ആയിരത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഈ സ്ഥലത്താണ് രാവിലെ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. സംഭവം കൃത്യ സമയത്ത് തന്നെ ഈസ്റ്റ് – ചിങ്ങവനം പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.

ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ ശ്രദ്ധയിൽ വിഷയം എത്തുകയായിരുന്നു. തുടർന്നു, ഇദ്ദേഹം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അയച്ചു. പൊലീസ് എത്തി കാര്യങ്ങൾ വിശദമാക്കിയ ശേഷം തൊഴിലാളികളെ മടക്കി അയച്ചു. ഇതിനു ശേഷം സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് സംഘം സ്ഥലത്ത് റൂട്ട് മാർച്ചും നടത്തി.

ലോക്ക് ഡൗണിന്റെ തുടക്കത്തിൽ കോട്ടയം ചങ്ങനാശേരി പായിപ്പാടും സമാന രീതിയിലാണ് അതിഥി തൊഴിലാളികൾ സംഘടിച്ചിരുന്നത്. എന്നാൽ, ഇത്തവണ ലോക്ക് ഡൗൺ പൂർത്തിയാകുന്ന മൂന്നിനു ശേഷം സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ട്രെയിൻ അനുവദിക്കുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഇവർ തെരുവിൽ ഇറങ്ങിയത്. തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ട്രെയിൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തെറ്റായി വ്യാഖ്യാനിച്ചതാണ് ഇവർ തെരുവിൽ ഇറങ്ങാൻ കാരണമായതെന്നാണ് കണക്ക് കൂട്ടുന്നത്.